പാമ്പിനേയും കഴുത്തിലിട്ട് ഒരാള്‍ വരുന്നത് കണ്ട് ആശുപത്രിയിലുണ്ടായിരുന്നവര്‍ ഞെട്ടി. ഭയന്ന് മാറി നിന്ന ആശുപത്രി അധികൃതര്‍ക്ക് പിന്നെയാണ് കാര്യം മനസിലായത്. തന്നെ കടിച്ച പാമ്പിനേയും കൊണ്ടാണ് പ്രകാശ് മണ്ഡല്‍ എന്നയാള്‍ ആശുപത്രിയിലെത്തിയത്. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. തന്നെ കടിച്ച് പാമ്പ് ഏത് ഇനത്തില്‍ പെട്ടതാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലാവുന്നതിന് വേണ്ടിയാണ് പ്രകാശ് മണ്ഡല്‍ കടിച്ച പാമ്പിനേയും കഴുത്തിലിട്ട് ആശുപത്രിയില്‍ എത്തിയത്.
അണലി വിഭാഗത്തില്‍പ്പെട്ട റസ്സല്‍സ് വൈപ്പര്‍ എന്ന വിഷപാമ്പാണ് ഇയാളെ കടിച്ചത്. ആശുപത്രിയില്‍ എത്തിയ ഇയാള്‍ പിന്നാലെ പാമ്പിനേയും കയ്യില്‍ പിടിച്ച് നിലത്ത് കിടന്നു. നിലത്ത് കിടന്ന സമയവും ഇയാള്‍ പാമ്പിന്റെ വായ മുറുക്കി പിടിച്ചിരുന്നു. പാമ്പ് കടിച്ചതിന്റെ വേദനയുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകാത്ത വിധത്തിലാണ് ഇയാള്‍ പാമ്പിനെ പിടിച്ചിരുന്നത്.
ആശുപത്രി ജീവനക്കാര്‍ ഇതെല്ലാം കണ്ട് ആദ്യം പകച്ചെങ്കിലും പിന്നലെ ചികില്‍സ നല്‍കി. പാമ്പിനെ ഇയാളുടെ കയ്യില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിച്ചത്. പാമ്പിനേയും കഴുത്തിലിട്ട് വരുന്ന പ്രകാശിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്നവര്‍ വിഡിയോയിലാക്കി. സ്ട്രെച്ചറില്‍ പാമ്പിനേയും കയ്യില്‍ പിടിച്ച് കിടക്കുന്ന ഇയാളുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.