ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ ഏഴ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 25ന് പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് കര തൊടും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെ അവധി പ്രഖ്യാപിച്ചു.
കര തൊടുമ്പോള്‍ മണിക്കൂറില്‍ 120 കിമീ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് നിഗമനം. ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂരിനേയും നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനകളേയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 85 സംഘങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചതായി പശ്ചിമ ബംഗാള്‍ എമര്‍ജന്‍സി സര്‍വീസസ് മന്ത്രി സുജിത് ബോസ് പറഞ്ഞു. തീവ്ര ചുഴലിക്കാറ്റായി ഡാന ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിലും ബംഗാളിലും വീടുകള്‍ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പലരും മടിക്കുന്നതായാണ് റിപ്പോട്ടുകള്‍. മോഷണ സാധ്യത ഭയന്നാണ് ഇത്. പുരിയില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഒഡിഷയിലും സമീപസംസ്ഥാനങ്ങളിലും അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. പുരി, ഗന്‍ജാം, ഖോര്‍ദിയ, നയാഗഡ്, കിയോന്‍ജര്‍, അന്‍ഗുല്‍, ധെന്‍കനാല്‍, ഭദ്രക്, ബാലാസോര്‍, മയൂര്‍ഭഞ്ജ് ജില്ലകളിലാണ് 24, 25 തീയതികളില്‍ അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്.