മധ്യപ്രദേശിലെ ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികൾ ശബ്ദമലിനീകരണമുണ്ടാക്കുന്നെന്ന ഐഎഎസ് ഉദ്യോഗസ്ഥ ഷൈല്‍ബാല മാര്‍ട്ടിന്‍റെ എക്സ് പോസ്റ്റ് വിവാദത്തില്‍. മസ്ജിദുകൾക്ക് പുറത്ത് പ്ലേ ചെയ്യുന്ന ഡിജെ സംഗീതം മൂലമുണ്ടാകുന്ന ശബ്ദ മലിനീകരണത്തെക്കുറിച്ച് എക്സില്‍ വന്ന പോസ്റ്റാണ് ഷൈല്‍ബാലയെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളും ശബ്ദമലിനീകരണമുണ്ടാക്കുന്നു. ഇവ പലപ്പോഴും അർദ്ധരാത്രി വരെ പ്രവര്‍ത്തിപ്പിക്കുന്നു. ഇത് ആരെയും ശല്യപ്പെടുത്തുന്നില്ലേ എന്നായിരുന്നു ഷൈൽബാല മാർട്ടിന്‍റെ ചോദ്യം.
പിന്നാലെ പ്രതിഷേധവുമായി ഭോപ്പാൽ ആസ്ഥാനമായുള്ള സംസ്‌കൃതി ബച്ചാവോ മഞ്ച് എത്തി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ പാടില്ലെന്ന് സംഘടന പ്രതികരിച്ചു. ക്ഷേത്രങ്ങളിൽ ആർപ്പുവിളികളില്ലാതെ ശ്രുതിമധുരമായ രീതിയിലാണ് മന്ത്രോച്ചാരണങ്ങളും ആരതികളും നടത്തുന്നത് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ വേണം പ്രതികരിക്കാന്‍ . ഇത്തരത്തിലൊരു പ്രതികരണം നടത്തിയ ഷൈല്‍ബാല ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും സംഘടനയുടെ തലവൻ ചന്ദ്രശേഖർ തിവാരി ആവശ്യപ്പെട്ടു.
മുഹറം ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ടോ? പള്ളിക്ക് മുന്നിൽ എന്തെങ്കിലും അനാവശ്യ കാര്യങ്ങള്‍ നടന്നിട്ടുണ്ടോ? എന്നാൽ രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾ, ഗർബ എന്നിവയ്‌ക്ക് നേരെ കല്ലെറിയുന്നത് നിങ്ങൾ കാണുന്നില്ലേ എന്നും തിവാരി ചോദിച്ചു.
അതേസമയം, കഴിഞ്ഞ ഡിസംബറിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം മുഖ്യമന്ത്രി മോഹന്‍ യാദവ് ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഉത്തരവിട്ടിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ.മിശ്ര പറഞ്ഞു. ഷൈൽബാല മാർട്ടിൻ ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്, അവരുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഭരണകക്ഷിയായ ബിജെപിയുടെ നേതാക്കൾ ഇതുവരെ വിവാദത്തോട് പ്രതികരിച്ചിട്ടില്ല.