പ്രതീകാത്മക ചിത്രം.

സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാനായി റീല്‍സെടുക്കാനെത്തിയ യുവാവിനെ കാണാതായി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. വിഡിയോ വൈറലാകണം എന്ന ഉദ്ദേശ്യത്തോടെ അണക്കെട്ടിലേക്ക് ചാടിയതിനു പിന്നാലെയാണ് ഇരുപത്തിയൊന്നുകാരനെ കാണാതായത്. രുതിയായി ഭാഗത്തുള്ള ഗോപിസാഗര്‍ അണക്കെട്ടിലേക്കാണ് യുവാവ് ചാടിയതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ദീപേഷ് ലോധ എന്ന യുവാവ് സുഹൃത്തിനൊപ്പമാണ് ഇവിടെയെത്തിയത്. സുഹൃത്തിന്‍റെ കയ്യില്‍ തന്‍റെ മൊബൈല്‍ ഫോണ്‍ നല്‍കി വിഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷം ഇയാള്‍ അണക്കെട്ടിലേക്ക് ചാടുകയായിരുന്നു. തനിക്ക് നന്നായി നീന്താന്‍ അറിയാം എന്നുപറഞ്ഞാണ് ദീപേഷ് ലോധ അണക്കെട്ടിലേക്ക് ചാടിയതെന്ന് സുഹൃത്ത് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

അണക്കെട്ടിലേക്ക് ചാടിയ പിന്നാലെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അണക്കെട്ടിന്‍റെ പ്രദേശത്തുള്ള ആരോടെങ്കിലും തന്നെ രക്ഷിക്കാന്‍ പറയൂവെന്ന് ലോധ മുങ്ങിത്താഴുന്നതിനിടയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്‍റെ ഭാഗത്തുണ്ടായിരുന്ന കുട്ടികള്‍ വിവരം ഇവരുടെ അച്ഛനോട് ഓടിച്ചെന്നു പറയുകയായിരുന്നു. 

കര്‍ഷകനായ ഭൂല്‍ സിങ് ബഞ്ചാര അണക്കെട്ടിലേക്ക് എത്തുന്നതിനു മുന്‍പ് ലോധ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. വെള്ളത്തില്‍ തിരഞ്ഞുവെന്നും എന്നാല്‍ ലോധയെ കണ്ടെത്താനായില്ല എന്നും ഇയാള്‍ പൊലീസിനെ ധരിപ്പിച്ചു. ലോധയെ കണ്ടെത്തുന്നതിനായി പൊലീസ് സംസ്ഥാന ദുരന്തനിവാരണസേനയുടെ സഹായം തേടി.

ENGLISH SUMMARY:

A 20-year-old man went missing when he jumped into the water in a dam for the shooting of a social media reel in Madhya Pradesh's Guna district.