പുനെയില്‍ തൊഴിലാളി ക്യാംപിലെ താല്‍ക്കാലിക വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണ് മൂന്ന് മരണം. ഏഴുപേര്‍ക്ക് പരുക്കേറ്റു. രാവിലെ പിംപ്‍രി ചിന്ദ്‍വാഡ് ടൗണിലെ ഭോസരിയിലാണ് ദുരന്തമുണ്ടായത്. വെള്ളത്തിന്‍റെ മര്‍ദം കൂടിയപ്പോള്‍ ടാങ്ക് തകരുകയായിരുന്നുവെന്ന് പിംപ്‍രി ചിന്ദ്‍വാഡ് അഡീഷണല്‍ കമ്മിഷണര്‍ വസന്ത് പര്‍ദേശി പറഞ്ഞു.
ടാങ്കിന് താഴെ കുളിച്ചുകൊണ്ടുനിന്നവരാണ് മരിച്ചത്. 12 അടി നീളമുള്ള ടാങ്കിന്‍റെ ഭിത്തി ഇടിഞ്ഞ് ഇവര്‍ക്കുമേല്‍ പതിക്കുകയായിരുന്നു. മൂവരും തല്‍ക്ഷണം മരിച്ചു. സമീപത്തുണ്ടായിരുന്ന ഏഴുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്‍സിസിഎല്‍ കമ്പനിയുടെ ലേബര്‍ ക്യാംപിലാണ് ദുരന്തമുണ്ടായത്. ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നുണ്ട്. തീര്‍ത്തും ദുര്‍ബലമായ രീതിയിലാണ് ടാങ്ക് നിര്‍മിച്ചിരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. റെഡ് സോണില്‍പ്പെട്ട പ്രദേശത്ത് ക്യാംപ് നിര്‍മിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന ചോദ്യവും പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. ഇക്കാര്യത്തില്‍ നഗരസഭ പ്രതികരിച്ചിട്ടില്ല.