മൊബൈല്‍ ചാര്‍ജറില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മലോത് അനില്‍(23) എന്ന യുവാവാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു അനില്‍. ഉറക്കത്തിനിടെ ചാര്‍ജിങ് കേബിളില്‍ കൈ തട്ടിയതാണ് അപകടമുണ്ടാക്കിയത്.
കട്ടിലിന് അടുത്തുള്ള പ്ലഗ്ഗിലാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി അനില്‍ വച്ചത്. ഉറക്കത്തിനിടയില്‍ അറിയാതെ കൈ കേബിളില്‍ തട്ടിയതോടെ ഷോക്കേല്‍ക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ വൈകാതെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ അനിലിന് ഒന്നര വയസുള്ള കുഞ്ഞുണ്ട്.
കഴിഞ്ഞ ഞായറാഴ്ച തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ഇലക്ട്രിക് ഹീറ്ററില്‍ നിന്ന് ഷോക്കേറ്റ് 40കാരനും മരിച്ചിരുന്നു. വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ വെള്ളം ചൂടാക്കുന്നതിന് ഇടയിലായിരുന്നു അബദ്ധത്തില്‍ ഇലക്ട്രിക് ഹീറ്ററില്‍ തട്ടി ഷോക്കേറ്റത്.