ഇന്ത്യന്‍ റെയില്‍വേയുടെ ഈസ്റ്റേണ്‍ ഡിവിഷനില്‍ ലേഡീസ് കംപാര്‍ടുമെന്‍റുകളില്‍ യാത്ര ചെയ്തതിന് ഒക്ടോബറില്‍ മാത്രം പിടിയിലായത് 1,400 ൽ അധികം പുരുഷന്മാര്‍. 1,200 ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും ഈസ്റ്റേണ്‍ റെയില്‍വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് (ആർപിഎഫ്) കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹൗറ ഡിവിഷനിൽ നിന്ന് 262, സീൽദാ ഡിവിഷനിൽ നിന്ന് 574, മാൾഡ ഡിവിഷനിൽ നിന്ന് 176, അസൻസോൾ ഡിവിഷനിൽ നിന്ന് 392 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. റെയിൽവേ നിയമത്തിലെ 162-ാം വകുപ്പ് പ്രകാരം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട കംപാര്‍ട്മെന്‍റുകള്‍ പുരുഷൻമാർ കൈവശപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഈസ്റ്റേണ്‍ റെയില്‍വേ പറഞ്ഞു. പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാന്‍ മതിയായ കംപാര്‍ടുമെന്‍റുകള്‍ ലഭ്യമാണെന്നും സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അസൗകര്യങ്ങളോ മറ്റോ ഉണ്ടാകുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് 139 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ മാസം റെയിൽവേ പരിസരത്ത് തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്തതിന് 10,470 പേരെ ഈസ്റ്റേൺ റെയിൽവേ പിടികൂടിയിരുന്നു. ഇവരില്‍ നിന്നായി 15,37,965 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ റെയിൽവേ പരിസരം വൃത്തിഹീനമാക്കിയതിന് 12,900 പേരെയാണ് പിടികൂടിയത്. മൊത്തം 17,66,010 രൂപ പിഴ ഈടാക്കി. റെയിൽവേ പരിസരം വൃത്തിയായി നിലനിർത്താൻ ഹൗസ് കീപ്പിങ് ജീവനക്കാർ അക്ഷീണം പ്രയത്നിക്കുന്നുവെന്നും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് യാത്രക്കാരുടെയും കൂടി ഉത്തരവാദിത്തമാണെന്നും റെയില്‍വേ പറയുന്നു.