വിവാഹ വീട്ടില്‍ ആഘോഷങ്ങളുടെ ഭാഗമായി മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍ പഞ്ചായത്ത്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ ലാംബ്ലു പഞ്ചായത്താണ് നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ വ്യത്യസ്ത വഴികള്‍ പരീക്ഷിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി വിവാഹ വീട്ടില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ പഞ്ചായത്ത് ആദരിക്കും. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. ലാംബ്ലു പഞ്ചായത്തിനെ ലഹരിമുക്തമാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലഹരി വസ്തുക്കള്‍ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍.
മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നേരത്തെ ഈ പഞ്ചായത്ത് തീരുമാനിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ നല്ല നിലയില്‍ നടപ്പാക്കുന്നതിന്റെ പേരില്‍ കയ്യടി നേടിയിട്ടുള്ള പഞ്ചായത്താണ് ലാംബ്ലു. പഞ്ചായത്തിലെ മരങ്ങള്‍ മുറിക്കുന്നതും വിലയിടുന്നതുമെല്ലാം പഞ്ചായത്തിന്റെ അനുമതിയോടെ മാത്രമേ നടക്കാവു എന്ന നിര്‍ദേശവും യോഗത്തില്‍ പാസാക്കി.