dehradun-accident-death

TOPICS COVERED

ഡെറാഡൂണിൽ ഏഴുപേര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവി അപകടത്തിൽ പെട്ട് ആറ് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 1.30നാണ് അമിത വേഗതയിലായിരുന്ന എസ്‌യുവി കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഡെറാഡൂൺ സ്വദേശികളായ ഗുനീത് (19), റിഷഭ് ജെയിൻ (24), നവ്യ ഗോയൽ (23), അതുൽ അഗർവാൾ (24), കാമാക്ഷി (20) ഹിമാചൽ പ്രദേശിൽ നിന്നുള്ള കുനാൽ കുക്രേജ (23) എന്നിവരാണ് മരിച്ചത്. 

വാഹനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഒരാളുടെ തലയറ്റ നിലയിലായിരുന്നു മൃതദേഹം. മറ്റുള്ളവരുടെ ശരീരഭാഗങ്ങളും ചിതറിത്തെറിച്ചു. മൃതദേഹങ്ങൾ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരേയൊരു വ്യക്തിയായ സിദ്ധേഷ് അഗർവാൾ (25) ഗുരുതരാവസ്ഥയില്‍ സിനർജി ആശുപത്രിയിൽ ചികിത്സയിലാണ്. എന്താണ് കൃത്യമായി സംഭവിച്ചതെന്നും വാഹനം അമിത വേഗതിലായിരുന്നതിന്‍റെ കാരണവുമറിയാന്‍ യുവാവിന് ബോധം വീഴാന്‍ കാത്തിരിക്കുകയാണ് പൊലീസ്. നേരത്തെ സാധാരണ വേഗതയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ നഗരം ചുറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടസമയത്ത് ട്രക്ക് സാധാരണ വേഗതയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മരിച്ച അതുലിന്‍റെ പിതാവിന്‍റേതാണ് കാർ എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അതുലും സുഹൃത്തുക്കളും ഡെറാഡൂണിലേക്കുള്ള യാത്രയിലായിരുന്നു. അതുല്‍ തന്നെയാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. കിഷൻ നഗർ ചൗക്കിന് സമീപം കണ്ടെയ്‌നർ ട്രക്കിനെ മറികടക്കാൻ എസ്‌യുവി ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. കണ്ടെയ്‌നർ ട്രക്ക് കിഷൻ നഗർ ചൗക്കിൽ നിന്ന് പോകുകയായിരുന്നു. ബല്ലുപൂർ ചൗക്കിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രയിലായിരുന്നു എസ്.യു.വി. മറികടക്കാനുള്ള ശ്രമത്തിനിടെ ട്രക്കിന്‍റെ വേഗത നിര്‍ണയിക്കാന്‍ എസ്‌യുവി ഡ്രൈവര്‍ക്ക് സാധിക്കാത്താവാം അപകടകാരണം .

അപകടത്തിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ റോഡ് സുരക്ഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് പൊലീസ്. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന യുവ മഹോത്സവ് പരിപാടിയിൽ യുവാക്കളോട് ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും മദ്യപിച്ച് ഒരിക്കലും വാഹനം ഓടിക്കരുതെന്നും പൊലീസ് നിര്‍ദേശച്ചു. രു യുവാവിന്‍റെ ജീവൻ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിന് മാത്രമല്ല, മുഴുവൻ സമൂഹത്തിനും രാജ്യത്തിനും വലിയ നഷ്ടമാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന്‍റെ ആവശ്യകതയും പൊലീസ് വിശദീകരിച്ചു.

ENGLISH SUMMARY:

In Dehradun, an SUV carrying seven passengers met with an accident, resulting in the death of six individuals. The incident occurred around 1:30 AM on Tuesday when the speeding SUV collided with a container truck.