തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 22 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ സർക്കാർ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സ്കൂള്‍ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പുറത്തെ ബേക്കറികളില്‍ നിന്നും കടകളില്‍ നിന്നും കഴിച്ച ലഘുഭക്ഷണങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലബോറട്ടറി പരിശോധനക്കായി സാംപിളുകള്‍ ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ഈ മാസം 20ന് ഇതേ സ്കൂളിലെ 17 കുട്ടികള്‍ സമാനമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഉരുളക്കിഴങ്ങും വഴുതനങ്ങയും വേണ്ടത്ര പാകമാകാതെയാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് വിദ്യാര്‍ഥികളിലൊരാള്‍ ആരോപിച്ചു. മഗനൂരിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിൽ 400ലധികം വിദ്യാർഥികളും പ്രധാനാധ്യാപകനും മറ്റു അധ്യാപകരും ഉച്ചഭക്ഷണം കഴിച്ചിരുന്നു. എങ്കിലും 22 കുട്ടികള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്.
സ്‌കൂളിനു പുറത്തെ കടകളില്‍ നിന്നും ലഘുആഹാരം കഴിച്ചെങ്കിലും സ്കൂളിലെ ഉച്ചഭക്ഷണത്തിനു ശേഷമാണു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് വിദ്യാർഥികൾ പറയുന്നത്.