വിദ്യാര്‍ഥി മരിച്ചെന്ന് കള്ളം പറഞ്ഞ് അവധിയെടുത്ത അധ്യാപകനെതിരെ നടപടി. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് സംഭവം. ചിഗ്രിക തോലയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ ജോലി ചെയ്തുവരികയായിരുന്ന ഹിരാലാൽ പട്ടേലാണ് വിദ്യാര്‍ഥി മരിച്ചെന്ന കാരണം കാണിച്ച് അവധിയെടുത്തത്.
നവംബർ 27ന് ഹിരാലാൽ പട്ടേല്‍ അവധിയെടുക്കുകയും ഹാജർ രജിസ്റ്ററിൽ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചതായി രേഖപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്നും രജിസ്റ്ററില്‍ കുറിച്ചതായി അധികൃതർ അറിയിച്ചു. സംഭവം കുട്ടിയുടെ പിതാവ് അറിഞ്ഞതോടെയാണ് പരാതി നല്‍കുന്നത്.
തന്‍റെ മകന്‍ ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവാനാണെന്നും കാണിച്ചാണ് പിതാവ് ജില്ലാ കളക്ടർക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തതായും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും മൗഗഞ്ച് കളക്ടർ അജയ് ശ്രീവാസ്തവ പറഞ്ഞു.