രാജസ്ഥാനിലെ ദൗസയിൽ അഞ്ചുവയസ്സുകാരൻ കുഴല്‍കിണറില്‍ കുടുങ്ങിയിട്ട് മൂന്നു ദിവസം. 150 അടി താഴ്ചയുള്ള കുഴൽകിണറിലാണ് കുട്ടി അകപ്പെട്ടത്. കുട്ടിയെ രക്ഷിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം കലിഖാഡ് ഗ്രാമത്തിലെ ഫാമിൽ കളിക്കുന്നതിനിടെയാണ് തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ കുഞ്ഞ് വീഴുന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം. നിരവധി മണ്ണുമാന്തി യന്ത്രങ്ങളും ട്രാക്ടറുകളും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്ഥലത്തുണ്ട്. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനവും നിരീക്ഷിച്ചുവരികയാണ്. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്‌സിജൻ എത്തിക്കുന്നതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തിയതായി ദൗസ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
സെപ്തംബറിൽ ദൗസയിലെ ബാൻഡികുയി പ്രദേശത്ത് 35 അടി തുറന്ന കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരിയെ എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്ന് 18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തിയിരുന്നു. 28 അടി താഴ്ചയിലായിരുന്നു പെണ്‍കുട്ടി കുടുങ്ങിയിരുന്നത്.