AI Generated Images

TOPICS COVERED

കീടനാശിനി കലര്‍ന്ന ചായ കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബന്‍സ്വാരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തേയിലയാണെന്ന് കരുതി അബദ്ധത്തില്‍ കീടനാശിനി ചായയില്‍ കലര്‍ത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടിലെത്തിയ അയല്‍ക്കാരനും ചായ കുടിച്ചിരുന്നു. ഇയാള്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്.

ദാരിയ എന്ന 53കാരിയ്ക്കും മരുമകള്‍ക്കും കൊച്ചുമകനുമാണ് കീടനാശിനി ഉളളില്‍ചെന്ന് ജീവന്‍ നഷ്ടമായത്. കുടുംബാംഗങ്ങളിലൊരാള്‍ ചായ ഇടുന്നതിന്‍റെ ഭാഗമായി തേയിലയ്ക്ക് പകരം തൊട്ടടുത്ത് ഇരുന്ന കീടനാശിനി എടുത്ത് ഉപയോഗിക്കുകയായിരുന്നെന്ന് അംബപുര പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാംസ്വരൂപ് മീണ പറയുന്നു. ആ സമയത്ത് വീട്ടിലെത്തിയ അയല്‍വാസിക്കും കുടുംബം ചായ നല്‍കി. ചായ കുടിച്ച് അല്‍പം സമയം കഴിഞ്ഞതോടെ എല്ലാവരും ചര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

കീടനാശിനി ഉളളിലെത്തിയവരുടെ ആരോഗ്യം വളരെ മോശമായതോടെ ഉദയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സയിലിരിക്കെ തന്നെ ദാരിയയ്ക്കും മരുമകള്‍ക്കും കൊച്ചുമകള്‍ക്കും ജീവന്‍ നഷ്ടമായി. ദാരിയയുടെ ഭര്‍തൃപിതാവ്, മകന്‍, അയല്‍വാസി എന്നിവര്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ തുടരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.