കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കം ചെന്നെത്തിയത് അമ്മമാര്‍ തമ്മിലുള്ള മുട്ടനടിയിലേക്ക്. നോയിഡയിലാണ് സംഭവം. ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ കുട്ടിത്തര്‍ക്കമാണ് യാതൊരു മയവുമില്ലാത്ത രീതിയിലേക്ക് മാറിയത്. രണ്ട് കുട്ടികള്‍ തമ്മില്‍ തര്‍ക്കമേറിയപ്പോള്‍ ഒരാള്‍ അമ്മയെ വിളിച്ചുവരുത്തി. അമ്മയാണേല്‍ കടുത്ത ദേഷ്യക്കാരി. തര്‍ക്കെത്തെക്കുറിച്ചു കേട്ടയുടനെ സ്വന്തം കുഞ്ഞുമായി തര്‍ക്കത്തിലേര്‍പ്പെട്ട ആറുവയസുകാരന്റ മുഖത്തടിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു.
പിന്നാലെ ചുറ്റും ഉണ്ടായിരുന്ന മറ്റ് സ്ത്രീകളും വിഷയത്തിലിടപെട്ടതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. രംഗം ശാന്തമാക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും അവനെ എവിടെ കണ്ടാലും താന്‍ വീണ്ടും അടിക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. നിങ്ങളെന്തിനാണ് കുഞ്ഞിനെ അടിച്ചതെന്ന് പറയൂ എന്നുചോദിച്ച് കൂട്ടത്തിലൊരു സ്ത്രീ യുവതിയുടെ വിഡിയോ എടുക്കുന്നതിനിടെ അവരുടെ മുഖത്തും യുവതി ആഞ്ഞുതല്ലി.
വിഡിയോ ചിത്രീകരിച്ച സ്ത്രീയെ യുവതി മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുന്നതും കാണാം. മുഖത്തടിയേറ്റ ആറുവയസുകാരന്റെ പിതാവ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗൗര്‍ സിറ്റി 2വിലാണ് അമ്മമാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. കുട്ടികള്‍ തമ്മിലുള്ള പ്രശ്നം അമ്മമാരിലേക്ക് നീളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.