ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ടയുമായി നാവികസേന. 2,507 കിലോ ലഹരി വസ്തുക്കൾ . പിടിയിലായവരുടെ വിവരങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്താണ് നാവികസേനയുടെ വമ്പൻ ലഹരിവേട്ട. 2,386 കിലോ ഹഷീഷ് ഓയിൽ, 121 കിലോ ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. സഹസ്ര കോടികൾ വിലവരുന്ന ലഹരിയാണിത്. സമീപകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടയും. ലഹരികടത്തുസംഘം സംശയാസ്പദമായ സാഹചര്യത്തിൽ ചെറുബോട്ടിൽ പോകുന്നുവെന്ന വിവരം നാവികസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനമായ P8Iയിൽനിന്ന് പടിഞ്ഞാറൻ കമാൻഡിന് കീഴിലെ പടക്കപ്പലായ ഐഎൻഎസ് തർക്കാഷിലേക്ക് കൈമാറി. സംശയമുള്ള ഒന്നിലധികം ചെറുബോട്ടുകൾ നാവിക സേന തടഞ്ഞു പരിശോധിച്ചു. പടക്കപ്പലായ ഐഎൻഎസ് തർക്കാഷിൽനിന്ന് ഡിങ്കി ബോട്ടിലും ഹെലികോപ്റ്ററിലും വന്ന മറീൻ കമാൻഡോകളാണ് ലഹരികടത്തുകാരെ പിടികൂടിയത്. ഉരുവിൽ പ്രത്യേക അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി. നാവികസേന വിശദ അന്വേഷണം തുടങ്ങി. ലഹരികടത്തുകാരെ പൊലീസിന് കൈമാറും.