കാറിനു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായതിന്‍റെ നടുക്കത്തില്‍ നിന്നും മുക്തമായിട്ടില്ല ബെംഗളൂരു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റോഡുകളുടെ സുരക്ഷിതവും വാഹനങ്ങളുടെ സുരക്ഷിതത്വവും ചോദ്യം ചെയ്യപ്പെടുകയാണ്. നിരന്തര ചര്‍ച്ചകളും നടക്കുന്നുണ്ട്. കാറുകളുടെ സുരക്ഷയിൽ മുന്‍നിരയിലാണ് വോൾവോ എക്‌സ്‌സി 90. ഈ കാറാണ് കണ്ടെയ്‌നർ ട്രക്കിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞത്.
കാര്‍ ഓടിച്ചിരുന്ന ചന്ദ്ര യാഗപ്പ ഗോല സുരക്ഷിതമായാണ് വാഹനമോടിച്ചതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈവേയിൽ പെട്ടെന്ന് നിർത്തിയ മറ്റൊരു കാറിലിടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. ‘എന്‍റെ മുന്‍പിലുള്ള കാർ പെട്ടെന്ന് നിര്‍ത്തി. ഞാൻ ബ്രേക്ക് ചവിട്ടിയെങ്കിലും ട്രക്ക് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കാറില്‍ ഇടിക്കാതിരിക്കാന്‍ ട്രക്ക് വലത്തോട്ട് വെട്ടിച്ചു, ഇതോടെ ട്രക്ക് ഡിവൈഡറിൽ കയറി. പാലുമായി വരികയായിരുന്ന മറ്റൊരു ട്രക്കില്‍ ഇടിച്ച ശേഷം പിന്നിലെ വോൾവോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു’ ട്രക്ക് ഡ്രൈവർ ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു. ട്രക്കില്‍ അലൂമിനിയമായിരുന്നു ഉണ്ടായിരുന്നത്. ഭാരം കയറ്റിയ ഭാരവാഹനങ്ങൾ തൽക്ഷണം നിർത്തുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. ഇത് ഭാര വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ‘പാനിക് ബ്രേക്കിങ്’ അതീവ അപകടകരമാക്കുന്നു.
അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമാണ്. സുരക്ഷിത ഡ്രൈവിങിനെ പിന്തുണയ്ക്കുന്ന ഡ്രൈവ് സ്മാര്‍ട് എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്നും അപകടസ്ഥലത്ത് നിന്നുള്ള നടുക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടുണ്ട്. ‘റോഡിൽ സുരക്ഷിതരായിരിക്കുക എന്നാല്‍ സുരക്ഷിതമായ ഒരു കാർ കൊണ്ട് മാത്രം നേടാനാവില്ല എന്ന ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം. സുരക്ഷിതമായ റോഡുകൾ + സുരക്ഷിത ഡ്രൈവിങ് + സുരക്ഷിതമായ വാഹനം; ഇവ മൂന്നും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്’ പോസ്റ്റില്‍ പറയുന്നു.
വോൾവോ സുരക്ഷിതമായ വാഹനങ്ങളാണ് നിർമ്മിക്കുന്നതെങ്കിലും അലുമിനിയം നിറച്ച കണ്ടെയ്‌നറിന്‍റെ ഭാരം ഒരു കാറിന് താങ്ങാൻ കഴിയില്ലെന്നാണ് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്. കാറിന് മുകളില്‍ പതിച്ച ഭാരമുള്ള ട്രക്ക് നീക്കം ചെയ്യാൻ ആറ് ക്രെയിനുകൾ കൊണ്ടുവരേണ്ടി വന്നതായാണ് പൊലീസ് പറയുന്നത്. ശേഷമായിരുന്നു തകർന്ന വാഹനത്തിൽ നിന്ന് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. അതേസമയം, റോഡ് സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ ഉപയോക്താക്കള്‍ കേന്ദ്ര ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഡ്രൈവർ ആരിഫിനെതിരെ കേസെടുത്തിട്ടുണ്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് സൊല്യൂഷൻസ് സ്ഥാപനമായ ഐഎഎസ്ടി സോഫ്റ്റ്‌വെയർ സൊല്യൂഷൻസിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമാണ് മരിച്ച വിജയനഗര സ്വദേശി ചന്ദ്ര യാഗപ്പ ഗോല. രണ്ട് മാസം മുമ്പാണ് അദ്ദേഹം എസ്‌യുവി വാങ്ങിയത്. പിതാവിനെ കാണാനും അവധി ആഘോഷിക്കാനും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ചന്ദ്ര യാഗപ്പ ഗോലയെ കൂടാതെ കാറിലുണ്ടായിരുന്ന ഭാര്യ ഗൗരാഭായി (42), മകൻ ഗ്യാൻ (16), മകൾ ദീക്ഷ (12), ഭാര്യാസഹോദരി വിജയലക്ഷ്മി (36), വിജയലക്ഷ്മിയുടെ മകൾ ആര്യ (6) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.