വെള്ളിയാഴ്ച ജയ്‌പൂർ- അജ്‌മീര്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിനു പിന്നാലെ പുറത്തുവരുന്നത് നടുക്കുന്ന റിപ്പോര്‍ട്ടുകള്‍. പതിമൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍, ശരീരം മുഴുവന്‍ തീവിഴുങ്ങുമ്പോള്‍ സഹായം അഭ്യര്‍ഥിച്ച് ഇരകളിലൊരാള്‍ ഓടിയത് അരകിലോമീറ്ററോളമാണ്. വഴിയരികില്‍ നിന്നവര്‍ ദൃശ്യം പകര്‍ത്തുകയായിരുന്നുവെന്നും ആരും സഹായിക്കാനായി എത്തിയില്ലെന്നും റിപ്പോര്‍ട്ട്.
നാഷണൽ ബെയറിംഗ് കമ്പനി ലിമിറ്റഡിൽ മോട്ടോർ മെക്കാനിക്കായിരുന്നു 32കാരനായ രാധശ്യാം ചൗധരിക്കാണ് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചെ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു യുവാവ്. പിന്നാലെ രാവിലെ 5:50 ഓടെയാണ് രാധശ്യാം ചൗധരിയുടെ സഹോദരൻ അഖേറാമിന്‍റെ ഫോണിലേക്ക് വിളിവരുന്നത്. സഹോദരൻ അപകടത്തില്‍പെട്ടുവെന്നും ഹീരാപുര ബസ് ടെർമിനലിലേക്ക് വരണമെന്നുമായിരുന്നു അറിയിപ്പ്.
അയൽവാസികളോടൊപ്പം അഖേറാം സ്ഥലത്തെത്തിയപ്പോള്‍ കണ്ടത്. റോഡില്‍ കിടക്കുന്ന സഹോദരനെയാണ്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് 600 മീറ്ററോളം രാധശ്യാം ഓടിയെന്നും അഖേറാമിനോടു ആളുകള്‍ പറഞ്ഞു. തീ ശരീരം വിഴുങ്ങുമ്പോളും അവന്‍ സഹായത്തിനായി അലറിക്കരയുകയായികുന്നു. എന്നാല്‍ സഹായിക്കുന്നതിന് പകരം, കണ്ടുനിന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നും അഖേറാം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പതിമൂന്നുപേരില്‍ ഒരാളായിരുന്നു രാധാശ്യാം. ആംബുലൻസിനായി കാത്തിരിക്കുന്നത് വെറുതെയാകുമെന്ന് മനസ്സിലാക്കിയ സഹോദരനും അയൽവാസികളും ചേർന്നാണ് രാധശ്യാം ചൗധരിയെ കാറിൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിൽ യുവാവിന് ബോധമുണ്ടായിരുന്നുവെന്നും തന്‍റെ നമ്പർ ഒരാൾക്ക് നൽകിയതുൾപ്പെടെ നടന്നതെല്ലാം യുവാവ് തന്നോടു പറഞ്ഞതായും സഹോദരന്‍ പറഞ്ഞു. രാധശ്യാം ബൈക്ക് ഉപേക്ഷിച്ച് തീയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ‘അവൻ രക്ഷപ്പെടുമെന്ന് ഞങ്ങൾ കരുതി. പക്ഷേ, 85% പൊള്ളലേറ്റിരുന്നു’ രാധശ്യാമിന്‍റെ സഹോദരന്‍ പറഞ്ഞു.
ജയ്പൂർ - അജ്മീർ ഹൈവേയിൽ ഇന്നലെ രാവിലെയാണ് അപകടം. എൽപിജി സിലിണ്ടർ കയറ്റിയ ടാങ്കറിൽ രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. വാതക ചോർന്നതോടെ സ്ഫോടനമുണ്ടായി, തീ ആളിക്കത്തി. സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങൾ കത്തി നശിച്ചു. ഹൈവേയ്‌ക്ക് സമീപമുള്ള താമസ സ്ഥലങ്ങളെയും കടകളെയും തീ വിഴുങ്ങി. ഫയർഫോഴ്സ് ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്.