ഛത്തീസ്ഗഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം പ്രാദേശിക കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. സ്വതന്ത്ര മാധ്യമപ്രവർത്തകനായ 28കാരനായ മുകേഷ് ചന്ദ്രക്കറിന്‍റെ മൃതദേഹമാണ് ബിജാപൂരിലെ ചട്ടൻപാറ ബസ്തിയില്‍ കണ്ടെത്തിയത്. ജനുവരി 1 മുതൽ ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. എൻഡിടിവിക്ക് വേണ്ടി ബസ്തർ മേഖലയിൽ നിന്ന് മുകേഷ് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്‍റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മൃതദേഹം. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ജനുവരി ഒന്നിന് ടി-ഷർട്ടും ഷോർട്ട്സും ധരിച്ചാണ് മുകേഷ് വീട്ടിൽ നിന്നിറങ്ങിയത്. കരാറുകാരന്‍റെ ബന്ധു വിളിച്ചതിനു പിന്നാലെ ഇയാളെ കാണാന്‍ പോയാതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോൺ കോളിനെക്കുറിച്ച് മുകേഷ് റായ്പൂരിലെ ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജനുവരി ഒന്നിന് പുലർച്ചെ 12.30ഓടെ മുകേഷിവന്‍റെ ഫോണ്‍ സ്വിച്ച് ഓഫായി. മുകേഷ് തിരിച്ചെത്താത്തിനെ തുടര്‍ന്ന് സഹോദരന്‍ നഗരത്തിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മുകേഷും സഹോദരൻ യുകേഷ് ചന്ദ്രക്കറും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സഹോദരന്‍റെ പരാതിയില്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം ആരംഭിച്ചത്.
മുകേഷിന്‍റെ മൊബൈലിലെ അവസാന ടവര്‍ ലൊക്കേഷന്‍ സുരേഷ് ചന്ദ്രക്കർ എന്ന കരാറുകാരന്‍റെ കെട്ടിടത്തിന്‍റെ മുറ്റത്തായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ ജീവനക്കാർ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. അവിടെ കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച സെപ്റ്റിക് ടാങ്കും പൊലീസ് കണ്ടെത്തി. തുടർന്ന്, സെപ്റ്റിക് ടാങ്ക് തകര്‍ത്തുള്ള പരിശോധനയിവാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സുരേഷ് ചന്ദ്രക്കറടക്കം നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. മുകേഷിന്‍റെ മരണത്തിന് അദ്ദേഹത്തിന്‍റെ സമീപകാല വാര്‍ത്താ റിപ്പോര്‍ട്ടിങുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.
ബസ്തർ മേഖലയിലെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബസ്താർ ജംക്‌ഷന്‍ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും മുകേഷ് ചന്ദ്രകറിനുണ്ട്. 1.59 ലക്ഷം സബ്‌സ്‌ക്രൈബർമാരും ഈ ചാനലിനുണ്ട്. 2021 ഏപ്രിലിൽ, മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സിആർപിഎഫ് കോബ്രാ കമാൻഡോ രാകേശ്വർ സിങ് മാൻഹാസിനെ മോചിപ്പിക്കുന്നതിൽ മുകേഷ് നിർണായക പങ്ക് വഹിച്ചിരുന്നു. ഇതില്‍ സംസ്ഥാന പൊലീസിന്‍റെ പ്രശംസയും ഏറ്റുവാങ്ങിയിട്ടുണ്ട്.
അതേസമയം, മുകേഷിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് കുറ്റവാളിയെ വെറുതെവിടില്ലെന്ന് ഉറപ്പുനല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മുകേഷ് ചന്ദ്രകർ ജിയുടെ മരണ വാർത്ത അങ്ങേയറ്റം ഹൃദയഭേദകമാണ്. അദ്ദേഹത്തിന്‍റെ വേർപാട് മാധ്യമ ലോകത്തിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. സംഭവത്തില്‍ കുറ്റവാളിയെ ഒരു കാരണവശാലും വെറുതെ വിടില്ല. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും അവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്’ മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.