ഡിസംബര്‍ ആദ്യമാണ് ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വിഡിയോ റിക്കോര്‍ഡ് ചെയ്ത ശേഷം ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കിയത്. ഭാര്യയുടേയും ഭാര്യയുടെ കുടുംബത്തിന്‍റെയും പീഡനങ്ങള്‍ സഹിക്കവയ്യാതെയായിരുന്നു യുവാവിന്‍റെ കടുംകൈ. പിന്നാലെ രാജ്യത്ത് ഭര്‍ത്താക്കന്‍മാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് വീണ്ടുമൊരു ആത്മഹത്യ. ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലാണ് ഡിസംബര്‍ 30ന് മറ്റൊരു യുവാവ് കൂടി ആത്മഹത്യ ചെയ്തത്.
39 വയസുകാരനായ സുരേഷ് സത്താദിയെയാണ് സംരാല ഗ്രാമത്തിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്നുള്ള കുടുംബത്തിന്‍റെ അന്വേഷണത്തില്‍ സുരേഷിന്‍റെ മൊബൈൽ ഫോണിൽ ഭാര്യയ്ക്കെതിരെയുള്ള വിഡിയോ കണ്ടെടുക്കുകയും ചെയ്തു. പിന്നാലെയാണ് സുരേഷിന്‍റെ പിതാവ് ബാബു സത്താദിയ മകന്‍റെ ഭാര്യ ജയയ്‌ക്കെതിരെ പരാതി നൽകുന്നത്. 17 വര്‍ഷം മുന്‍പാണ് ജയയും സുരേഷും വിവാഹിതരായത്. ദമ്പതികൾക്ക് 15 ഉം 10 ഉം വയസ്സുള്ള രണ്ട് പെൺമക്കളും ആറ്, നാല് വയസ്സുള്ള രണ്ട് ആൺമക്കളുമുണ്ട്.
വിഡിയോയില്‍ പൊട്ടിക്കരയുന്ന സുരേഷ് ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും അവളെ ഒരു പാഠം പഠിപ്പിക്കണം, അവള്‍ അത് ജീവിതത്തില്‍ മറക്കരുതെന്നും പറയുന്നു. ‘അവളെന്നെ ചതിച്ചു, മരിക്കാൻ പ്രേരിപ്പിക്കുന്നു’ സുരേഷ് പറയുന്നു. ജയ ഭർത്താവുമായി ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. സംഭവ ദിവസം വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വിളിക്കാനായി സുരേഷ് ഭാര്യാ സഹോദരന്‍റെ വീട്ടിൽ പോയിരുന്നു. എന്നാല്‍ ജയ സുരേഷിന്‍റെ കൂടെ പോകാന്‍ വിസമ്മതിച്ചു.
വീട്ടില്‍ മടങ്ങിയെത്തിയ സുരേഷ് തന്‍റെ ഫോണില്‍ വിഡിയോ റിക്കോര്‍ഡ് ചെയ്ച് ജീവനൊടുക്കുകയായിരുന്നു. സുരേഷിന്‍റെ മൊബൈലിൽ വിഡിയോ കണ്ടെത്തിയെങ്കിലും അദ്ദേഹം ആർക്കും അയച്ചുകൊടുക്കുകയോ സോഷ്യൽ മീഡിയയിൽ പങ്കിടുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. സുരേഷിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് കുടുംബത്തിന്‍റെ പരാതിയില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ ജയയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വിഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.