വിനോദയാത്രയ്ക്കായി പോണ്ടിച്ചേരിയിലേക്ക് പോകാന്‍ തയ്യാറെടുത്ത നാലംഗ കുടുംബം ബെംഗളൂരുവില്‍ ജീവനൊടുക്കിയ നിലയില്‍. സോഫ്റ്റ്വെയര് കണ്‍സള്‍ട്ടന്‍റായ അനുപ് കുമാര്‍(38), ഭാര്യ രാഖി (35) മക്കളായ അനുപ്രിയ (5) പ്രിയാന്‍ഷ് (2) എന്നിവരെയാണ് ആര്‍എംവി 2 സ്റ്റേജ് പ്രദേശത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് പോണ്ടിച്ചേരിക്ക് വിനോദയാത്രയ്ക്ക് പോകുന്നതിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് കുടുംബത്തോടെ ഇവര്‍ ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശി പ്രയാഗ്രാജില് നിന്നുള്ള കുടുംബം അനുപിന്‍റെ ജോലിയോട് അനുബന്ധിച്ചാണ് ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
രാവിലെ വീട്ടിലെത്തിയിട്ടും വീട് തുറന്ന് കാണാതിരുന്നതിനെ തുടര്‍ന്ന് സഹായിയായ സ്ത്രീയാണ് അയല്‍വാസികളെ വിവരമറിയിച്ചത്. അയല്‍വാസികള്‍ ഫോണില്‍ വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ബലമായി വീട് തുറന്നതോടെയാണ് നാലംഗ കുടുംബത്തെ ജീവനറ്റ് കണ്ടെത്തിയത്.
അനുപിന്‍റെയും രാഖിയുടെയും മൂത്തകുട്ടിയായ അനുപ്രിയ ഭിന്നശേഷിക്കാരിയായിരുന്നു. ഇത് മാതാപിതാക്കളെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതുമൂലം കടുത്ത സമ്മര്‍ദത്തിലാണ് കുടുംബം കഴിഞ്ഞതെന്ന് വീട്ടിലെ സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഇയാന്‍സ്, റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കുടുംബം വളരെ സന്തുഷ്ടരായാണ് പുറമേക്ക് കാണപ്പെട്ടിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. പോണ്ടിച്ചേരിയില്‍ വിനോദയാത്രയ്ക്ക് പോകാനിരിക്കുകയായിരുന്നുവെന്നും ഞായറാഴ്ചയോടെ ബാഗുകളെല്ലാം പാക്ക് ചെയ്ത് വച്ചുവെന്നും വീട്ടിലെ മറ്റൊരു സഹായി പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് പാചകക്കാരും കുട്ടികളെ നോക്കാന്‍ ഒരാളുമെന്നിങ്ങനെ മൂന്ന് സഹായികളാണ് വീട്ടിലുണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ സദാശിവനഗര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.