ayodhya-camera

Image Credit: x.com/SachinGuptaUP

ഒളിക്യാമറ ഉപയോഗിച്ച് അയോധ്യ രാമക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഗുജറാത്ത് വഡോദര സ്വദേശി ജയകുമാറിനെയാണ് സുരക്ഷ ഉദ്യോഗസ്ഥന്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ക്യാമറയില്‍ ഘടിപ്പിച്ച ഒളിക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ചെക്ക്–ഇന്‍ പോയിന്‍റ് കടന്ന ഇയാള്‍ ക്ഷേത്രത്തിന്‍റെ മെയിന്‍ ഗേറ്റിലേക്ക് കടക്കാനിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. ക്ഷേത്രത്തിലെ ചിത്രം പകര്‍ത്തുന്നതിനിടെ ഗ്ലാസില്‍ നിന്ന് ഫ്ലാഷ് ലൈറ്റ് വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. ഭാര്യയ്ക്കൊപ്പമാണ് ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ഗ്ലാസിന്‍റെ ഇരുവശത്തും ക്യാമറയുണ്ട്. ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയതോടെയാണ് ഫ്ലാറ്റ് ലൈറ്റ് പ്രകാശിച്ചത്. 

ചോദ്യം ചെയ്തതിൽ നിന്നാണ് കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച വിവരം യുവാവ് വ്യക്തമാക്കിയത്. ഇയാള്‍ക്ക് നേരത്തെ ഏതെങ്കിലും കേസില്‍ ബന്ധമുള്ളതായി വിവരമില്ല. വഡോദരയില്‍ വ്യവസായിയാണ് ഇയാള്‍.  50,000 രൂപയാണ് കണ്ണട വാങ്ങിയതെന്നും യുവാവ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പൊലീസും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയകുമാറിൻ്റെ ഉദ്ദേശ്യവും എന്താണെന്നാണ് ചോദ്യം ചെയ്യുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഗൂഡാലോചനയുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. 

ക്ഷേത്രത്തിന്‍റെ സുരക്ഷയും സ്വകാര്യതയും ഉയര്‍ത്തിപ്പിടിക്കാനായി രാമക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ക്കും ക്യാമറകള്‍ക്കും വിലക്കുണ്ട്. 

ENGLISH SUMMARY:

Ayodhya Ram Temple Security Breach; Attempt to Capture Temple Views Using a Hidden Camera; Arrested.