AI Generated Image

AI Generated Image

TOPICS COVERED

കേക്കില്‍ ചേര്‍ക്കുന്ന എസന്‍സ് അമിത അളവില്‍ ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് മൂന്ന് തടവുകാര്‍ മരിച്ചു.  മൈസൂരു സെൻട്രൽ ജയിലിലെ 3 തടവുകാരാണ് മരിച്ചത്.   ജയിലിലെ പലഹാരനിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മദേഷ (36), നാഗരാജ (32), രമേഷ് (30) എന്നിവരാണ് മരിച്ചത്. മരണകാരണം കൂടിയതോതിലുള്ള കേക്ക് എസെന്‍സ് ആണെന്ന് ജയില്‍ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. 

ഡിസംബര്‍ 24നായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ജയിലില്‍ കേക്ക് നിര്‍മിച്ചിരുന്നു.  കേക്ക് നിര്‍മാണത്തില്‍ ഏർപ്പെട്ടിരുന്ന ഇവർ ആരും  അറിയാതെ എസൻസ് അമിത അളവിൽ കുടിക്കുകയായിരുന്നു. എസന്‍സ് കുടിച്ചതിനു പിന്നാലെ ഇവര്‍ക്ക് കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു.  ആദ്യം ജയില്‍ ഡോക്ടര്‍മാര്‍ ചികിത്സിച്ചു. ദിവസങ്ങള്‍ കഴിഞ്ഞും ആരോഗ്യനില മോശമായതോടെ   പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഡിസംബര്‍ 29നായിരുന്നു ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സിച്ച ജയില്‍ ഡോക്ടര്‍മാരോടൊന്നും ഇവര്‍ എസന്‍സ് കുടിച്ച കാര്യം പറഞ്ഞിരുന്നില്ല. സാധാരണ ഗതിയില്‍ വളരെ കുറഞ്ഞ അളവിലാണ് കേക്ക് നിര്‍മാണത്തില്‍ എസെന്‍സ് ഉപയോഗിക്കുന്നത്.  പൈനാപ്പിളിന്റെയും ഓറഞ്ചിന്റെയും മറ്റും രുചിയും മണവും ലഭിക്കാനായാണ് എസെന്‍സ് ഉപയോഗിക്കുന്നത്. 

തടവുകാരെ കാണാനെത്തിയ  ബന്ധുക്കളോട് എസന്‍സ് ആവോളം  കുടിച്ച കാര്യം ഇവർ അറിയിച്ചതായി ജയിൽ സൂപ്രണ്ട് ബി.എസ്.രമേഷ് പറഞ്ഞു. ബന്ധുക്കളാണ് പിന്നീട് വിവരം ഡോക്ടര്‍മാരെ അറിയിച്ചത്. അപ്പോഴേക്കും തടവുകാരുടെ ആരോഗ്യനില വഷളായിരുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.  വ്യത്യസ്ത കൊലപാതക കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മദേഷയും നാഗരാജയും. പീഡനക്കേസിൽ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് രമേഷ്.

Three persons serving their sentence in Mysuru Central Prison died after allegedly consuming essence used in the preparation of cakes:

Three persons serving their sentence in Mysuru Central Prison died after allegedly consuming essence used in the preparation of cakes. As per the jail manual, a magisterial inquiry is mandatory for every death in jail.