ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെവീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ശനിയാഴ്ച പുലർച്ചെ 12.30 ഓടെ താക്കൂർദ്വാര മേൽപ്പാലത്തിലായിരുന്നു അപകടം. മുപ്പത്തിയെട്ടുകാരനായ അവധേഷ് കുമാറാണ് മരിച്ചത്.
യുവാവ് മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ഡ്രൈവിങിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേല്‍പ്പാലത്തിന്‍റെ മധ്യഭാഗത്തു വച്ചായിരുന്നു അപകടം. പിന്നാലെ ബൈക്കടക്കം യുവാവ് താഴേക്ക് പതിച്ചു. ഇരുപത് അടിയോളം താഴ്ചയിലാണ് വീണത്. യുവാവ് അമിത വേഗതയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബീഹാറിലെ ഭഗൽപൂർ സ്വദേശിയായ അവധേഷ് കുമാർ ഘണ്ടാ ഘറിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസാണ് അടുത്തുള്ള എംഎംജി ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് മരണത്തിന് കീഴടങ്ങി. ലോഹ മാണ്ഡിയിലെ ഒരു വെയർഹൗസില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ്.