ഉത്തര്‍പ്രദേശിലെ കനൗജില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയടക്കം തകര്‍ന്ന് വീണ് അപകടം. പന്ത്രണ്ടിലേറെ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 35ലേറെ തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. 23 പേരെ റെയില്‍വെ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും പുറത്തെടുത്തു. സാരമായി പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍റെ മോടിപിടിപ്പിക്കല്‍ പണികളിലേര്‍പ്പെട്ടിരുന്ന തൊഴിലാളാണ് രാവിലെ അപകടത്തില്‍പ്പെട്ടത്. പദ്ധതി പ്രകാരം റെയില്‍വേ സ്റ്റേഷനില്‍ രണ്ടുനിലക്കെട്ടിടം പുതിയതായി നിര്‍മിക്കുകയായിരുന്നു. ഇതിന്‍റെ സീലീങ് സ്ലാബ് തകര്‍ന്ന് തൊഴിലാളികള്‍ക്ക് മേല്‍ പതിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, കെട്ടിടത്തിന്‍റെ മേല്‍ക്കൂര പൊളിഞ്ഞു വീണതാണ് അപകടകാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് കുമാര്‍ ശുക്ല പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക്50000 രൂപ വീതവും നിസാര പരുക്കേറ്റവര്‍ക്ക് അയ്യായിരം രൂപയും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വെയും അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ സേന ലക്നൗവില്‍ നിന്നും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.