ഗ്യാസ് സ്റ്റൗവില്‍ കടല വേവിക്കാന്‍ വച്ച ശേഷം കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബസായി ഗ്രാമത്തിലെ ചോലെബട്ടൂര വില്‍പ്പനക്കാരായ ഉപേന്ദ്ര (22) , ശിവ് (23) എന്നിവരാണ് മരിച്ചത്. കുല്‍ച്ചയും ചോലെബട്ടൂരയും വില്‍ക്കുന്ന സ്റ്റാള്‍ നടത്തി വരികയായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
രാത്രി കടല വേവിക്കാനായി ഗ്യാസ് സ്റ്റൗവില്‍ വച്ചെങ്കിലും ഇരുവരും ഉറങ്ങിപ്പോയി. ഗ്യാസടുപ്പിലിരുന്ന് കടലയത്രയും കരിഞ്ഞു. ഇതിന്‍റെ മണം ശ്വസിച്ചാകാം മരണം സംഭവിച്ചതെന്ന് എസിപി രാജീവ് ഗുപ്ത മാധ്യമങ്ങളോട് വെളിപ്പെടുത്തി. വീടിന്‍റെ വാതില്‍ അകത്ത് നിന്നും അടച്ച നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ഓക്സിജന്‍റെ അഭാവം ഉണ്ടായിരുന്നു. കരിഞ്ഞ ഭക്ഷണത്തില്‍ നിന്നും വലിയതോതില്‍ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവന്നിട്ടുണ്ടാകാമെന്നും ഇത് ശ്വസിച്ചത് മരണകാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം വിശദീകരിച്ചു.
യുവാക്കള്‍ താമസിച്ച വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ പരുക്കുകളില്ലായിരുന്നുവെന്നും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി.
മണമില്ലാത്ത, വിഷവാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. വായൂകടക്കാത്ത വിധം അടച്ചിട്ട സ്ഥലങ്ങളില്‍ കാര്‍, ട്രക്ക്, അടുപ്പുകള്‍, അവ്ന്‍, ഗ്രില്‍, ജനറേറ്റര്‍ എന്നിവ പ്രവര്‍ത്തിക്കുമ്പോള്‍ വാതകം പുറത്തുവരാറുണ്ട്.