ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുദാൽ ഗ്രാമത്തിൽ ഒരു മാസത്തിനിടെ പതിനാറു പേര്‍ അജ്ഞാത രോഗം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് കുടുംബങ്ങളിലായുള്ള മുപ്പതിലധികം പേർക്ക് അജ്ഞാത രോഗം ബാധിച്ചതിനാൽ സ്ഥിതിഗതികൾ നേരിടാൻ ഗ്രാമത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ആരോഗ്യാവസ്ഥ പെട്ടന്ന് മോശമാകുന്നതാണ് പ്രധാന രോഗലക്ഷണം. തുടര്‍ന്ന് രോഗിയെ കോമയിലേക്കും മരണത്തിലേക്കും നയിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് രോഗ കാരണം എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിസംബര്‍ അഞ്ച് മുതല്‍ ഇതുവരെ ഗ്രാമത്തില്‍ 12 കുട്ടികളും നാല് പ്രായപൂര്‍ത്തിയായവരുമാണ് മരിച്ചത്. 60 വയസുകാരിയായ ജാട്ടി ബീഗത്തിന്‍റേതാണ് ഒടുവിലത്തെ മരണം. സമാന രോഗലക്ഷണങ്ങളോടെ നേരത്തെ മരിച്ച മുഹമ്മദ് യുസഫിന്‍റെ ഭാര്യമാണ് ഇവര്‍. ആവശ്യമായ എല്ലാ പരിശോധനകളും നടത്തുന്നുണ്ടെന്നാണ് ഇതുസംബന്ധിച്ച ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.
ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ അഞ്ചിനാണ്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് രോഗം കാരണം മരിച്ചത്. ഡിസംബര്‍ 12 ന് സമാനമായ ലക്ഷണങ്ങളോടെ മൂന്ന് കുട്ടികള്‍ മരിച്ചു. തുടര്‍ന്ന് ഗ്രാമത്തില്‍ 8മരണങ്ങളുണ്ടായി. കുട്ടികളില്‍ രോഗാവസ്ഥ 2-3 ദിവസത്തിനുള്ളിൽ വഷളാകുന്നതായാണ് വിവരം.
പിജിഐഎംഇആർ, നാഷണല്‍ ഇന്‍റ്റിറ്റ്യൂടട് ഓഫ് വൈറോളജി, നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ എന്നിവ രോഗ കാരണം കണ്ടെത്താന്‍ രംഗത്തുണ്ട്. ഗ്രാമത്തിലെ നാലു വാര്‍ഡുകളിലും മെഡിക്കല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വീടുതോറുമുള്ള കൗണ്‍സിലിങും സാമ്പിള്‍ ശേഖരണവും നടക്കുകയാണ്. ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ടെന്നും ഐസിഎംആര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.