ചെന്നൈ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ ദേശീയ വനിതാ കമ്മിഷന്‍റെ വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പൊലീസിനെതിരെയും സർവകലാശാലയ്ക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതിജീവിതയായ വിദ്യാർഥിനിയെ ഭയപ്പെടുത്താൻ പൊലീസ് ശ്രമിച്ചു. അടിയന്തര ഹെൽപ്പ് ലൈനിൽ വിളിച്ചിട്ട് പൊലീസെത്തിയത് നാല് മണിക്കൂറിനുശേഷമെന്നും റിപ്പോർട്ട്. ബലാൽസംഗമുണ്ടായി തൊട്ടടുത്ത ദിവസം വിദ്യാർഥിനി പരീക്ഷയെഴുതേണ്ടി വന്നു. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചു. വിദ്യാർഥിനിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ മാധ്യമപ്രതിനിധിക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടി വേണം. സർവകലാശാലയിൽ കൃത്യമായ സുരക്ഷാ ഓഡിറ്റ് വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.