PTI02_11_2023_000170A

പ്രതീകാത്മക ചിത്രം (PTI)

എയര്‍ഷോ 2025ന് മുന്നോടിയായി ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേന കേന്ദ്രത്തിന്‍റെ പരിസരത്ത് മല്‍സ്യ–മാംസ വില്‍പ്പന കേന്ദ്രങ്ങളും നോണ്‍–വെജ് ഭക്ഷണ വില്‍പ്പനയും വിലക്കി ഉത്തരവ്. ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെയാണ് വിലക്കെന്ന് 'ബൃഹദ് ബെംഗളൂരു മഹാനഗര പാലിക' പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

'യെലഹങ്ക വ്യോമസേന കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 10 മുതല്‍ 14 വരെ എയര്‍ഷോ 2025 നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. ആയതിനാല്‍ വ്യോമസേന കേന്ദ്രത്തിന്‍റെ 13 കിലോമീറ്റര്‍ ചുറ്റളവില്‍ ജനുവരി 23 മുതല്‍ ഫെബ്രുവരി 17വരെ മല്‍സ്യ–മാംസ വില്‍പ്പനയും നോണ്‍–വെജ് ഭക്ഷണ വിതരണവും നിരോധിച്ചിരിക്കുന്നു. പൊതുജനങ്ങളുടെയും കച്ചവടക്കാരുടെയും അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്' എന്നാണ് ഉത്തരവിലുള്ളത്. 

വ്യോമസേനാഭ്യാസങ്ങള്‍ നടക്കുമ്പോഴും പരിശീലന സമയത്തും പക്ഷികള്‍ പ്രത്യേകിച്ചും പരുന്തും കഴുകന്‍മാരും ഭക്ഷണാവശിഷ്ടങ്ങളുമായി ആകാശത്ത് വരാതിരിക്കാനും വിമാനങ്ങളുമായി കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കുന്നതിനുമായാണ് നടപടിയെന്നാണ് വിശദീകരണം. ആകാശ സുരക്ഷയ്ക്കാണ് പ്രാമുഖ്യമെന്നും ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേന ചട്ടപ്രകാരവും ബിബിഎംപി ആക്ട് അനുസരിച്ചും കേസ് റജിസ്റ്റര്‍ ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ 14വരെ വ്യോമസേനാ കേന്ദ്രത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ക്രെയിനുകള്‍ ഉപയോഗിച്ച് നടത്തുന്ന കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കുണ്ട്. 

India Aero Show

ഫയല്‍ ചിത്രം

1966 മുതല്‍ ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ ആയ 'എയ്​റോ ഇന്ത്യ' ബെംഗളൂരുവിലാണ് നടന്നുവരുന്നത്. വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും  എയ്​റോബാറ്റിക് ടീമും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും. 

അഞ്ച് ദിവസം നീളുന്ന എയര്‍ഷോ പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവോടെയാണ് തുടങ്ങുക. കോടിക്കണക്കിന് അവസരങ്ങളുടെ പുതിയ ആകാശം എയര്‍ഷോയില്‍ തുറക്കപ്പെടുമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

The Aero India 2025 show will take place at Yelahanka Airforce Station from February 10 to 14. BBMP has prohibited the sale of non-vegetarian food within a 13 km radius of the station from January 23 to February 17