gsrtc-hotel-name

TOPICS COVERED

മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (ജിഎസ്ആർടിസി). സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇതിന്‍റെ ഭാഗമായി ജിഎസ്ആർടിസി ബസുകൾ ഈ ഹോട്ടലുകളില്‍ നിർത്തില്ല.

വഡോദര, രാജ്‌കോട്ട്, പാലൻപൂർ, ഗോധ്ര, നദിയാദ്, അഹമ്മദാബാദ്, ബറൂച്ച് എന്നീ ജില്ലകളിലെ 27 ഹോട്ടലുകളുടെ ലൈസന്‍സാണ് ഇത്തരത്തില്‍ റദ്ദാക്കിയത്. ഈ ഹോട്ടലുകള്‍ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകൾ ഹിന്ദു പേരുകൾ ഉപയോഗിച്ചാണ് ലൈസൻസ് നേടിയിരുന്നത്. 27 ഹോട്ടലുകളുടെ പട്ടികയിൽ ഹിന്ദു ദേവതകളുടെ പേരുകളുള്ളവയും ഉണ്ട്. ഹിന്ദു ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്‌ലിം ഉടമസ്ഥര്‍ ഹിന്ദു പേരുകൾ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പരാതി ലഭിച്ചെന്നും അതിലെ വസ്തുത അന്വേഷിച്ചെന്നും ജിഎസ്ആർടിസി പറയുന്നു. 

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്‌ലിം ബിസിനസ് ഉടമകളും സമുദായ നേതാക്കളും രംഗത്തെത്തി. ഹിന്ദു–മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ മനപൂര്‍വം ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നാണ് വിമര്‍ശനം. 

സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്ന ജിഎസ്ആർടിസി ദീർഘദൂര ബസുകൾ ഹൈവേയിലെ ചില ഹോട്ടലുകളിൽ നിർത്താറുണ്ട്. ഇതിനായി, കോർപ്പറേഷൻ എല്ലാ വർഷവും ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. ലൈസന്‍സ് റദ്ദാക്കിയതോടെ ഈ സ്ഥാപനങ്ങള്‍ക്ക് ഇനി ടെന്‍ഡറില്‍ പങ്കെടുക്കാനാകില്ല.