AI Generated Image
ഇന്ത്യന്‍ റെയില്‍വെയിലെ വലിയൊരു തൊഴില്‍ തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത് ഒരു വിവാഹ ബന്ധത്തിലെ അസ്വാരസ്യമാണ്. സ്വന്തം ഭാര്യയ്ക്ക് ജോലി കിട്ടിയത് തട്ടിപ്പിലൂടെയാണെന്ന് രാജസ്ഥാന്‍ കോട്ട സ്വദേശി മനീഷ് മീണ റെയില്‍വെയ്ക്ക് പരാതി നല്‍കിയതോടെയാണ് വലിയ തൊഴില്‍ തട്ടിപ്പിലേക്ക് അന്വേഷണം എത്തിയത്. 15 ലക്ഷം കൊടുത്ത് ഭാര്യയ്ക്ക് റെയില്‍വെയില്‍ ജോലി വാങ്ങി നല്‍കി. ജോലി ലഭിച്ചതോടെ ഭാര്യ ഉപേക്ഷിച്ചതാണ് മനീഷിനെ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിച്ചത്.
ഭാര്യ ആശ മീണ റെയില്‍വെയുടെ റീജിയണല്‍ റെയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാര്‍ഥിയെ ഉപയോഗിച്ചു എന്നായിരുന്നു പരാതി. ആളെ വച്ചു പരീക്ഷ എഴുതിയാന്‍ സ്വന്തം കൃഷിഭൂമി പണയപ്പെടുത്തിയാണ് മനീഷ് മീണ പണം കണ്ടെത്തിയത്. 15 ലക്ഷം രൂപ രാജേന്ദ്ര എന്ന റെയില്‍വെ ഗാര്‍ഡിന് നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
ജോലി ലഭിച്ച് അഞ്ച് മാസത്തിന് ഭാര്യ മനീഷിനെ ഉപേക്ഷിച്ചു. തൊഴിലില്ലാത്തൊരാളുടെ കൂടെ താമസിക്കാനില്ലെന്നായിരുന്നു ഭാര്യയുടെ അധിക്ഷേപം. വ്യക്തിപരമായും സാമ്പത്തികമായും വഞ്ചിക്കപ്പെട്ടെന്ന തോന്നലിലാണ് മനീഷ് പരാതിയിലേക്ക് കടന്നത്. മനീഷിന്‍റെ പരാതിയില്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ വിജിലന്‍സ് വിഭാഗവും സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ ലക്ഷ്മി മീണ, റെയില്‍വെ പോയിന്‍റ് വുമണ്‍ ആശ മീണ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍. അന്വേഷണത്തില്‍ മീണ മാത്രമല്ല ഡമ്മി ഉദ്യോഗാര്‍ഥികളെ ഉപയോഗിച്ച് ജോലി വാങ്ങിയതെന്ന് കണ്ടെത്തി. 2022 ഓഗസ്റ്റില്‍ 30 ന് നടന്ന ആര്‍ആര്‍ആര്‍ബി ഗ്രേഡ്4 പരീക്ഷയില്‍ ആല്‍വാര്‍ സ്വദേശി ലക്ഷ്മിയാണ് ആശ മീണയ്ക്ക് പകരം പരീക്ഷയ്ക്കെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ആശയെ കൂടാതെ സ്വപ്ന മീണ എന്ന ഉദ്യോഗാര്‍ഥിക്കും ലക്ഷ്മി ഡമ്മിയായി ഹാജരായതായും പരാതിയിലുണ്ട്. ലക്ഷ്മി ആശയ്ക്കും മറ്റൊരു ഉദ്യോഗാർത്ഥിയായ സ്വപ്ന മീണയ്ക്കും രണ്ട് വ്യത്യസ്ത പരീക്ഷകൾക്കായി ഡമ്മിയായി ഹാജരായി. പരീക്ഷയ്ക്കൊപ്പം ഫിസിക്കൽ ടെസ്റ്റിലും ഹാജരായതായി പരാതിയിലുണ്ട്. സ്വപ്ന വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയിൽ ഹെൽപ്പറായി ജോലി നേടി. സംഭവത്തില്‍ സിബിഐ കൂടുതല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.