15 വര്‍ഷം പൂര്‍ത്തിയായ വാഹനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം ലഭിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. തലസ്ഥാന നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനാണ് നടപടിയെന്ന് പരിസ്ഥിതി മന്ത്രി മജീന്ദ്ര സിഹ് സിര്‍സ പറഞ്ഞു. അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.
15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങള്‍ പെട്രോൾ പമ്പുകളിൽ സ്ഥാപിക്കും. ഇതിലൂടെ തിരിച്ചറിയുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നൽകില്ലെന്നും യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായു മലിനീകരണ തോത് കുറയ്ക്കുന്നതിനായി ഡല്‍ഹിയിലെ എല്ലാ ഉയരമുള്ള കെട്ടിടങ്ങളും ഹോട്ടലുകളും ബിസിനസ് കോംപ്ലക്സുകളും ആന്‍റി സ്മോഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 2025 ഡിസംബറോടെ രാജ്യതലസ്ഥാനത്തെ 90 ശതമാനം സിഎന്‍ജി ബസുകളും പിന്‍വലിച്ച് ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായു മലിനീകരണം രാജ്യതലസ്ഥാനത്തെ കുഴപ്പിക്കുന്നതിനിടയിലാണ് തീരുമാനം. 2024 നവംബറില്‍ ലോകത്തിലെ ഏറ്റവും കടുത്ത വായു മലിനീകരണമുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഡല്‍ഹി എത്തിയിരുന്നു. ഇതിന് പിന്നാലെ ബി.എസ്. 3 പെട്രോള്‍, ബി.എസ് നാല് ഡീസല്‍ എന്‍ജിനുള്ള നാലുചക്ര വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ എന്നിവിടങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.