Image Credit: X/AIIMSBhubaneswr
രണ്ടു പേർക്ക് പുതുജീവൻ നൽകി ഒഡിഷയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ്. മസ്തിഷ്‌ക മരണം സംഭവിച്ച 16 മാസം പ്രായമുള്ള ജന്മേഷ് ലെങ്കയാണ് അവയവദാനത്തിലൂടെ രണ്ടുപേര്‍ക്ക് ജീവന്‍ നല്‍കിയത്. ഭുവനേശ്വര്‍ എയിംസിലാണ് അവയവം മാറ്റിവെയ്ക്കല്‍ നടന്നത്.
ഫെബ്രുവരി 12ന് ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് തുടർന്ന് ജൻമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ ശേഷം മാർച്ച് ഒന്നിന് കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ ദാനത്തിന്‍റെ സാധ്യത തിരിച്ചറിഞ്ഞ മെഡിക്കൽ സംഘം കുടുംബത്തെ സമീപിക്കുകയായിരുന്നു.
കുഞ്ഞ് നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും കുടുംബം അവയവദാനത്തിന് സമ്മതമറിയിക്കുകയായിരുന്നു. എനിക്ക് മകനെ തിരികെ ലഭിക്കില്ല, എന്നാല്‍ മകന്‍റെ അവയവത്തിലൂടെ മറ്റു അമ്മമാര്‍ സന്തോഷിക്കുമെന്ന് ജന്മേഷിന്‍റെ അമ്മ പറഞ്ഞു. ഭുവനേശ്വര്‍ എയിംസിലെ ഹോസ്റ്റല്‍ വാര്‍ഡനാണ് കുട്ടിയുടെ പിതാവ്.
കരള്‍ ന്യൂഡല്‍ഹിയിലെ ഐഎല്‍ബിഎസില്‍ ചികില്‍സയിലായിരുന്നു കുട്ടിക്കാണ് ദാനംചെയ്തത്. വൃക്കകള്‍ ഭുവനേശ്വര്‍ എയിംസില്‍ തന്നെ ചികില്‍സയിലുള്ള മറ്റൊരു കുട്ടിക്കും ദാനം ചെയ്തു. ഇതോടെ ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ജന്മേഷ് മാറി.