കോട്ടയം മണർകാട് നാലുവയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശംമെന്ന പരാതിയിൽ വഴിത്തിരിവ്. ലഹരിയുടെ അംശമുള്ളിൽ ചെന്നത് മിഠായിൽ നിന്നാണെന്ന് സ്ഥിരീകരിക്കാതെ പൊലീസ്. കുട്ടിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണെന്നാണ് സംശയം. ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് നൽകിയ മരുന്നിന്‍റെ പാർശ്വഫലമായാണ് ബെൻസൊഡയാസിപെൻസിന്‍റെ അംശം കണ്ടെത്തിയതെന്നും പൊലീസ് നിഗമനത്തിലെത്തി. ചില മരുന്നുകളിൽ നിന്ന് ബെൻസൊഡയാസിപെൻസ് ശരീരത്തിൽ രൂപപെടുമെന്ന് പൊലീസിന് ഡോക്ടർമാരുടെ ഉപദേശം കിട്ടി. എങ്കിലും കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്.
കുട്ടി സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നു എന്നാണ് ആദ്യം ഉയര്‍ന്ന പരാതി. അങ്ങാടിവയൽ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 17 ന് സ്കൂളിൽ നിന്ന് വീട്ടിൽ വന്നപ്പോൾ മുതലാണ് നാലു വയസുകാരൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. ആദ്യം വടവാതൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ അശുപത്രിയിലേക്ക് മാറ്റി.
അന്നേദിവസം കുട്ടി ചോക്ലേലേറ്റ് കഴിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് രക്ഷിതാക്കൾക്ക് സംശയം തോന്നിയത്. ഇതിനിടെ രക്തസമ്മർദ്ദം കൂടി കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ബെൻസോഡയാസിപെൻസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. കൂടുതല്‍ ശാസ്ത്രീയ പരിശോധനാഫലം എത്തുന്നതോടെ കേസില്‍ വ്യക്ത വരുമെന്നാണ് കരുതുന്നത്.