കൈക്കൂലിപ്പണം പിടിക്കാനെത്തിയ വിജിലന്‍സിനെ വെട്ടിച്ചുകടക്കാന്‍ ശ്രമിച്ച വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കുളത്തില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിറകെച്ചാടിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കുളത്തില്‍ നിന്നും ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ മാത്വരായപുരം വിഎഒ തേനി സ്വദേശി എം.വെട്രിവേല്‍ ആണ് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്റെ പിടിയിലായത്.
ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ലഭിക്കേണ്ട കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി അര്‍ബുദ രോഗിയായ മാറാത്താള്‍ മാസങ്ങളായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു.5,000 രൂപ നല്‍കിയാല്‍ പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വിഎഒ പറഞ്ഞതിനെത്തുടര്‍ന്ന് ഫെബ്രുവരി അവസാനം മാറാത്താള്‍ ആയിരം രൂപ നല്‍കി. ബാക്കി തുക കൂടി നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകൂവെന്ന് വാശി പിടിച്ചതോടെ മരുമകന്‍ കൃഷ്ണസ്വാമി വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു.
വിജിലന്‍സ് നിര്‍ദേശമനുസരിച്ച് പേരൂര്‍ താലൂക്ക് ഓഫീസിനു സമീപത്തെ ബാങ്കിനു മുന്‍പില്‍ 3,500രൂപ എത്തിക്കാമെന്ന് കൃഷ്ണസ്വാമി വിഎഒയെ അറിയിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടോടെ വെട്രിവേല്‍ ഇരുചക്രവാഹനത്തിലെത്തി സ്ഥലത്തു കാത്തിരുന്നു. വിജിലന്‍സ് നല്‍കിയ 3,500 രൂപയുടെ നോട്ടുകള്‍ കൃഷ്ണസ്വാമി കൈമാറിയതോടെ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസറെ വളഞ്ഞു.
പരിശോധനക്കിടെ ഉദ്യോഗസ്ഥരെ തട്ടിമാറ്റി വെട്രിവേല്‍ ബൈക്കില്‍ കടക്കാന്‍ ശ്രമിച്ചു. കാറില്‍ വിജിലന്‍സ് പിന്തുടര്‍ന്നപ്പോള്‍ ഇയാള്‍ ബൈക്കില്‍ നിന്നുവീണു. തുടര്‍ന്ന് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പേരൂര്‍ പെരിയകുളത്തിലേക്ക് ചാടുകയായിരുന്നു. പിന്നാലെ ചാടിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വെട്രിവേലിനെ ബലം പ്രയോഗിച്ച് കുളത്തില്‍ നിന്നു പുറത്തെത്തിച്ചു. പരിശോധനയില്‍ പണം കണ്ടെടുക്കാനായില്ല. ഇന്നലെ രാവിലെ പേരൂര്‍കുളത്തില്‍ തൊണ്ടിമുതലിനു വേണ്ടി യന്ത്രസഹായത്തോടെ ചെളിമാറ്റി പരിശോധിച്ചെങ്കിലും നോട്ടുകള്‍ കണ്ടെത്തിയില്ല. ഇന്നലെ വൈകിട്ടോടെ വെട്രിവേലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.