ഷിരൂരില്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയ സമയത്ത് മലയാളി ശ്രദ്ധിച്ചുതുടങ്ങിയ പേരാണ് രഞ്ജിത്ത് ഇസ്രയേലി. ഇടമുറിയാതെ മഴ പെയ്യുമ്പോള്‍, മലയിടിഞ്ഞുവീണ മണ്ണ് മാറ്റാനും അത്യാധുനിക യന്ത്രങ്ങള്‍ എത്തിക്കാനും ആവശ്യപ്പെട്ട് കര്‍ണാടക എസ്പിയും കാര്‍വാര്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവരുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന യുവാവ്. രക്ഷാപ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കില്‍ ശക്തമായ വിമര്‍ശനമുയരാന്‍ ഈ രംഗങ്ങള്‍ വഴിയൊരുക്കി. പക്ഷേ ലോറി പുഴയിലേക്ക് ഒലിച്ചുപോയെന്ന് വിദഗ്ധര്‍ ഉറപ്പിച്ചതോടെ രഞ്ജിത്തിനെതിരെ വിമര്‍ശനപ്പെരുമഴയായി. അശാസ്ത്രീയമായ കാര്യങ്ങള്‍ പറഞ്ഞ് രക്ഷാപ്രവര്‍ത്തനം വഴിതെറ്റിച്ചെന്ന് ആരോപണമുയര്‍ന്നു. വാഴ്ത്തിയവര്‍ തന്നെ വാളെടുത്തതോടെ രഞ്ജിത്തും സംഘവും സ്ഥലം വിട്ടു.
പുതിയ ഊഴം: 2025 മാര്‍ച്ച് രണ്ടാംവാരം. കര്‍ണാടക നാഗര്‍കര്‍ണൂല്‍ ശ്രീശൈലത്തുണ്ടായ ടണല്‍ ദുരന്തത്തില്‍പ്പെട്ട തൊഴിലാളികളുടെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ദുരന്തമുണ്ടായി മൂന്നാഴ്ച പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിഞ്ഞത് ഒരു മൃതദേഹം മാത്രം. ആറുദിവസം മുന്‍പ് ആ പേര് ഒരിക്കല്‍ക്കൂടി കേട്ടു. തിരുവനന്തപുരത്തുകാരന്‍ രഞ്ജിത് ഇസ്രയേലി. പ്രോജക്ട് റസ്ക്യൂ എന്ന കമ്പനി രൂപീകരിച്ചാണ് രഞ്ജിത്ത് പുതിയ ദുരന്തമുഖത്തെത്തിയത്. ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ റജിസ്ട്രേഷനുള്ള കമ്പനി ഉണ്ടായിരിക്കണം. അതിനാണ് പ്രോജക്ട് റസ്ക്യൂ രൂപീകരിച്ചത്. കോഴിക്കോട് സ്വദേശി കൃഷ്ണദാസും തൃശൂര്‍ സ്വദേശി ഷഫീറും രഞ്ജിത്തിനൊപ്പമുണ്ട്.
ടണല്‍ ദുരന്തം ഇതുവരെ: ഫെബ്രുവരി 22നാണു ശ്രീശൈലം ഇടതുകര കനാല്‍ പദ്ധതിയുടെ ഇന്‍ലെറ്റ് ഭാഗത്ത് അപകടമുണ്ടായത്. തുരങ്ക മുഖത്തുനിന്ന് 14 കിലോമീറ്റര്‍ ഉള്ളിലായി പാറ തുരന്നുകൊണ്ടിരിക്കെ മുകള്‍ഭാഗം ഇടിഞ്ഞ് ബോറിങ് മെഷീന് മുകളില്‍ പതിക്കുകയായിരുന്നു. തുരങ്കത്തില്‍ ഒരുകിലോമീറ്ററോളം ചെളിയും വെള്ളവും നിറഞ്ഞു. ഉള്ളിലുണ്ടായിരുന്ന 50 പേരില്‍ 42 പേരെ ഉടനെ പുറത്തെത്തിക്കാന്‍ കരാര്‍ കമ്പനിക്ക് കഴിഞ്ഞു. പക്ഷെ എട്ടുപേര്‍ അകപ്പെട്ടുപോയി. 44 കിലോമീറ്റര്‍ നീളമുള്ള ടണലിന് നിശ്ചിത അകലത്തില്‍ സാധാരണ തുരങ്കങ്ങള്‍ക്കുണ്ടാകേണ്ട ഷാഫ്റ്റ് ഹോള്‍ (മുകളില്‍ നിന്ന് തുരങ്കത്തിലേക്കുള്ള വഴി) ഇല്ല. മുകളില്‍ കടുവാസങ്കേതമായതിനാലാണ് ഷാഫ്റ്റ് ഹോള്‍ ഒഴിവാക്കിയത്. മലയുടെ രണ്ടുഭാഗത്തുനിന്നും തുരന്ന് 35 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോഴാണ് അപകടമുണ്ടായത്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും റാറ്റ് മൈനേഴ്സുമെല്ലാം രാപകലില്ലാതെ ശ്രമിച്ചിട്ടും വലിയ പുരോഗതിയുണ്ടായില്ല. കൂറ്റന്‍ പമ്പുകളെത്തിച്ച് വെള്ളം പരമാവധി പുറത്തേക്കൊഴുക്കാനും പണിക്കാരെയും സാധനങ്ങളും എത്തിക്കാനുള്ള ടോയ് ട്രെയിന്‍ സ്ഥാപിക്കാനും കഴിഞ്ഞതോടെയാണ് തിരച്ചിലിനു വേഗം കൂടിയത്. അപ്പോഴേക്കും അപകടം നടന്ന് രണ്ടാഴ്ചയായിരുന്നു.
രഞ്ജിത്ത് എത്തിയ വഴി: തെലങ്കാന ജലവിഭവ മന്ത്രി ഉത്തം കുമാര്‍ റെഡ്ഡിയെ ബന്ധപ്പെട്ടാണ് രഞ്ജിത്ത് നാഗര്‍കര്‍ണൂലിലെത്തിയത്. സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ബോറിങ് മെഷീന്‍ നിര്‍മാതാക്കളായ ടണല്‍ ബോറിങ് മെഷീന്‍സിന്റെ വിദഗ്ധരും എല്‍.ആന്‍.ടിയുടെ വിദേശ വിദഗ്ധനടക്കം പന്ത്രണ്ടോളം സംഘങ്ങളാണ് തിരച്ചിലുള്ളത്. അതില്‍ ഏക സിവില്‍ സംഘമാണ് രഞ്ജിത്തിന്റേത്. സേവനമായി തിരച്ചിലില്‍ പങ്കെടുക്കുന്നതും ഇവര്‍ തന്നെ.
വെല്ലുവിളികള്‍: 110 മീറ്റര്‍ നീളമുള്ള ടി.ബി.എം. കമ്പനിയുടെ കൂറ്റന്‍ ബോറിങ് മെഷീനാണ് ഇപ്പോള്‍ തിരച്ചിലെ പ്രതിസന്ധി. കഡാവര്‍ നായ്ക്കളായ മര്‍ഫിയും മായയും വിവിധയിടങ്ങളില്‍ മനുഷ്യാവശിഷ്ടങ്ങളുടെ സൂചന നല്‍കിയിട്ടുണ്ട്. ഇവിടെയെല്ലാം ചെളിയും വെളളവും മാറ്റി കൈകൊണ്ടു കുഴിച്ചുനോക്കുകയാണ്. ബോറിങ് മെഷീന്റെ കരുത്തേറിയ ഭാഗങ്ങള്‍ ഉളളതിനാല്‍ പലപ്പോഴും വളരെ പതുക്കെയാണ് തിരച്ചില്‍ മുന്നോട്ടുപോകുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയും വേണം. അതാണ് രഞ്ജിത്തടക്കമുള്ളവര്‍ ചെയ്യുന്നത്.
രക്ഷാപ്രവര്‍ത്തനത്തിലെ പുതിയ പാഠങ്ങള്‍: ഷിരൂരില്‍ നേരിട്ട വിമര്‍ശനങ്ങള്‍ രഞ്ജിത്ത് മറന്നിട്ടില്ല. അതുകൊണ്ടുതന്നെ മുന്‍പൊക്കെ ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുമ്പോള്‍ ചെയ്തിട്ടില്ലാത്ത ഒരുകാര്യം നാഗര്‍കര്‍ണൂലില്‍ ചെയ്യുന്നുണ്ട്. പഠനം! ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്‍റെ രീതികളുമെല്ലാം പഠിക്കുക എന്ന ലക്ഷ്യം കൂടി ഇത്തവണത്തെ ദൗത്യത്തിലുണ്ട്. അതുകൊണ്ടുകൂടിയാണ് കടുത്ത ചൂടും പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിട്ടും വലിയ അഭിപ്രായപ്രകടനങ്ങള്‍ക്ക് മുതിരാതെ ദൗത്യത്തിനൊപ്പം നില്‍ക്കുന്നത്.
നാഗര്‍കര്‍ണൂല്‍ ദൗത്യം എന്നുതീരും? ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണല്‍ അടക്കം മൂന്ന് തുരങ്ക അപകടങ്ങളിലെ രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്ത് പരിചയമുണ്ട് രഞ്ജിത്തിന്. ഇതുവരെ ഭാഗമായ തിരച്ചിലില്‍ ഏറ്റവും ദുഷ്കരമായ ഒന്നാണ് നാഗര്‍കര്‍ണൂലിലേതെന്ന് ഇദ്ദേഹം പറയുന്നു. തുരങ്കത്തിന്‍റെ രൂപകല്‍പനയിലെ പ്രത്യേകത, തകര്‍ന്ന ഭാഗത്തുകൂടി നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ കുത്തിയൊഴുകുന്ന വെള്ളം, വമ്പന്‍ പാറ വന്നിടിച്ചു തകര്‍ന്നുപോയ കൂറ്റന്‍ ബോറിങ ് മെഷീന്‍ ഇതൊക്കെ ജോലി അതീവ ദുഷ്കരമാക്കുന്നു. ദൗത്യം എന്നുതീരുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും രഞ്ജിത്ത് ഇസ്രയേലി പറയുന്നു.