surgery-representative-image

പ്രതീകാത്മക ചിത്രം

കഠിനമായ വയറുവേദന മാറാത്തതിനെ തുടര്‍ന്ന് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍ . ഉത്തര്‍പ്രദേശിലെ മഥുരയിലെ സണ്‍രാഖ് ഗ്രാമവാസിയായ  രാജാബാബു കുമാറെന്ന 32കാരനാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. ബുധനാഴ്ചയാണ് യൂട്യൂബ് വിഡിയോയില്‍ കണ്ടതു പ്രകാരമുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങി യുവാവ് സ്വന്തം മുറിയില്‍ കയറി വാതിലടച്ച് ശസ്ത്രക്രിയ നടത്തിയത്.

മരവിപ്പിക്കാനുള്ള ഇഞ്ചക്ഷന്‍ ആദ്യം എടുത്ത ശേഷം അടിവയറിന്‍റെ താഴെ ഇടതുവശത്തായി ഏഴുസെന്‍റീമീറ്റര്‍ നീളമുള്ള മുറിവ് രാജബാബു ഉണ്ടാക്കി. വിചാരിച്ചതിലും ആഴത്തിലേക്ക് ശസ്ത്രക്രിയ ചെയ്യാന്‍ ഉപയോഗിച്ച ബ്ലേഡ് ആഴ്ന്നിറങ്ങിയതോടെ വേദനകൊണ്ട് രാജാബാബു പുളഞ്ഞു. പിന്നാലെ രക്തസ്രാവവും തുടങ്ങി. ഉടന്‍ തന്നെ മുറിവ് സ്വയം തുന്നിക്കൂട്ടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നാലെ രാജ വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജയെ കണ്ട് നടുങ്ങിപ്പോയ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ മഥുര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില വഷളാണെന്ന് കണ്ടതോടെ ആഗ്രയിലെ ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ മാറ്റുകയായിരുന്നു. 

അടിവയറിന് താഴെയായി ഏഴ് സെന്‍റീമീറ്റര്‍ നീളത്തിലും ഒരു സെന്‍റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് യുവാവ് ഉണ്ടാക്കിയതെന്നും 12 തുന്നലുകള്‍ രാജ സ്വയം ഇട്ടുവെന്നും മഥുര ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ശശി രഞ്ചന്‍ വെളിപ്പെടുത്തി. ഇത് നീക്കി, കൃത്യമായ തുന്നലുകളിട്ട് ആഗ്രയിലേ ആശുപത്രിയിലേക്ക് തുടര്‍ ചികില്‍സയ്ക്കായി അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലെത്തുമ്പോഴും ആഗ്രയിലേക്ക് അയയ്ക്കുമ്പോഴും രാജ പൂര്‍ണബോധത്തിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. 

സണ്‍രാഖ് ഗ്രാമത്തില്‍ ഓഡിറ്റോറിയം നടത്തിപ്പുകാരനാണ് രാജ. നേരത്തെ അപ്പന്‍ഡിസൈറ്റിന്‍റെ ശസ്ത്രക്രിയയ്ക്ക് രാജ വിധേയനായിട്ടുണ്ടെന്നും അതേ സ്ഥലത്ത് വീണ്ടും വേദന നിരന്തരം അനുഭവപ്പെടുന്നതായി വെളിപ്പെടുത്തിയിരുന്നുവെന്നും അനന്തരവനായ രാഹുല്‍കുമാര്‍ പറയുന്നു. 

ENGLISH SUMMARY:

A 32-year-old man from Mathura, Uttar Pradesh, attempted self-surgery after severe stomach pain by following a YouTube tutorial. He was rushed to the hospital in critical condition after excessive bleeding.