ഭാര്യയ്ക്ക് തന്റെ വാടകക്കാരനുമായി അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയ ഭൂവുടമ യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം ഏഴടി ആഴത്തിലുള്ള കുഴിയില്‍ യുവാവിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് യോഗാധ്യാപകന്‍ കൂടിയായ യുവാവിനെ കാണാതായത്. ദീര്‍ഘനാളത്തെ അന്വേഷണത്തിനു ശേഷം പ്രതികളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഭൂവുടമയായ ഹര്‍ദീപും ഭാര്യയും താമസിക്കുന്ന വീടിന്റെ ഒരു ഭാഗം ജഗ്ദീപ് എന്ന ബാബാ മസ്ത്നാദ് യൂണിവേഴ്സിറ്റി അധ്യാപകന് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ക്ക് തന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞതോടെ ചില ജോലിക്കാരുടെ സഹായത്തോടെയാണ് ഹര്‍ദീപ് എന്ന ഭൂവുടമ ഏഴടി ആഴത്തിലുള്ള കുഴി നിര്‍മിച്ചത്. പാന്തവാസ് ഗ്രാമത്തിലെ പാടത്താണ് കുഴി നിര്‍മിച്ചത്. കുഴല്‍ക്കിണറിനാണ് കുഴി നിര്‍മിക്കുന്നതെന്നാണ് ഹര്‍ദീപ് ജോലിക്കാരോട് പറഞ്ഞത്.
ജജ്ജാര്‍ സ്വദേശിയായ ജഗ്ദീപിനെ ഡിസംബര്‍ 24നാണ് ഹര്‍ദീപും കൂട്ടരും തട്ടിക്കൊണ്ടുപോയത്. ജഗ്ദീപ് ജോലി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ ശേഷം കാലുകളും കൈകളും കൂട്ടിക്കെട്ടി മുഖത്ത് ടാപ് ഒട്ടിച്ച ശേഷമാണ് പാടത്ത് കുഴിച്ചുമൂടിയത്. ജഗ്ദീപിനെ കുഴിയില്‍ ഉപേക്ഷിച്ച ശേഷം കുഴി നിറയെ ചളികൊണ്ട് മൂടുകയും ചെയ്തു.
കൊലപാതകം നടന്ന് പത്തു ദിവസങ്ങള്‍ക്കു ശേഷം ജനുവരി മൂന്നിനാണ് ജഗ്ദീപിനെ കാണാനില്ലെന്ന പരാതി ശിവാജി കോളനി പൊലീസ് സ്റ്റേഷനില്‍ വരുന്നത്. മറ്റു തെളിവുകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ജഗ്ദീപിന്റെ ഫോണ്‍ റെക്കോര്‍ഡ്സ് പരിശോധിച്ച പൊലീസ് സംഭവത്തില്‍ ഹര്‍ദീപിന്റെ പങ്ക് കണ്ടെത്തുകയായിരുന്നു. ഹര്‍ദീപിനേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. മൂന്നുമാസങ്ങള്‍ക്കിപ്പുറമാണ് ജഗ്ദീപിന്റെ മൃതദേഹം കണ്ടെത്താനായത്. കേസുമായി ബന്ധപ്പെട്ട മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന് അന്വേഷണസംഘം ഉദ്യോഗസ്ഥന്‍ കുല്‍ദീപ് സിങ് പറഞ്ഞു.