ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കെയ്സിലാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. കൊല നടത്തിയ ശേഷം ഭാര്യയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കൊലപാതകവിവരം അറിയിച്ച മഹാരാഷ്ട്ര സ്വദേശി രാകേഷാണ് പിടിയിലായത്. കൊലപാതക ശേഷം പൂനെയിലേക്ക് രക്ഷപ്പെട്ട രാകേഷിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് ബംഗളൂരു പൊലീസ് പിടികൂടിയത്.
32കാരിയായ ഗൗരി അനില്‍ സംബേദ്ക്കര്‍ ആണ് കൊല്ലപ്പെട്ടത്. രാകേഷും ഗൗരിയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഗൗരി രാകേഷിനെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ ഗൗരിയ്ക്ക് ജോലി ലഭിച്ചിരുന്നില്ല, അതേസമയം ഹിറ്റാച്ചി പ്രൊജക്ട് മാനേജര്‍ ആയിരുന്നു രാകേഷ്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരും രണ്ടു മാസം മുന്‍പാണ് ബംഗളൂരുവിലെ ദൊഡക്കന്നല്ലിയില്‍ താമസമാരംഭിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുവരും തമ്മില്‍ വലിയ വഴക്കാരംഭിച്ചത്. വഴക്കിനിടിടെ രാകേഷ് ഗൗരിയുടെ വയറ്റില്‍ കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. പിന്നാലെ മൃതദേഹം സ്യൂട്ട്കെയ്സിലാക്കിയ ശേഷം ശുചിമുറിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് മകളെ കൊലപ്പെടുത്തിയെന്നറിയിച്ചു. പിന്നാലെ രാകേഷ് പൂനെയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ആണ് പൂട്ടിയിട്ട വീട് തുറന്ന് അകത്തുകയറി മൃതദേഹം കണ്ടെടുത്തത്. ഗൗരിയുടെ മൃതദേഹം വെട്ടിമുറിക്കുകയോ കഷ്ണങ്ങളാക്കുകയോ ചെയ്യാതെ അതേ രീതിയില്‍ തന്നെയായിരുന്നു ചുരുട്ടിമടക്കി രാകേഷ് സ്യൂട്ട്കെയ്സില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.