Meta AI image(Right)

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ട് ഭര്‍ത്താവ് ജയിലില്‍ കഴിയവേ കോടതിയില്‍ നേരിട്ട് ഹാജരായി യുവതി. കര്‍ണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. ഒന്നര വര്‍ഷത്തോളമാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുശാല്‍നഗര്‍ സ്വദേശിയായ സുരേഷ് ജയില്‍വാസം അനുഭവിച്ചത്. നിരപരാധിയെ ഇത്രകാലം ജയിലിലിട്ടത് പൊലീസിന്‍റെ പിടിപ്പുകേടാണെന്നും രൂക്ഷമായി വിമര്‍ശിച്ച് കോടതി പറഞ്ഞു. 

2000ത്തിലാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ ഭാര്യ മല്ലിഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് 2020 ഡിസംബറില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം ആരംഭിച്ച പൊലീസ് ബെട്ടഡാരപുരയെന്ന സ്ഥലത്ത് നിന്നും സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി മടങ്ങി വന്നു. ഇതോടെ ഈ അസ്ഥികൂടം മല്ലിഗയുടേതാണെന്നും സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടകം കളിച്ചതാണെന്നും കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ നിന്ന് ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തു. 

കേസിലെ സാക്ഷിയും സുരേഷിന്‍റെ സുഹൃത്തുമായ വ്യക്തിയാണ് ഏപ്രില്‍ ഒന്നാം തീയതി മടിക്കേരിയിലെ ഹോട്ടലില്‍ മറ്റൊരു പുരുഷനൊപ്പമിരുന്ന് മല്ലിഗ ഭക്ഷണം കഴിക്കുന്നത് കണ്ടത്. കയ്യോടെ മല്ലിഗയെ മടിക്കേരി പൊലീസ് സ്റ്റേഷനിലേക്ക് സുഹൃത്ത് കൂട്ടിക്കൊണ്ടുപോയി. വിവരം കോടതിയിലും അറിയിച്ചു. കോടതി കാര്യങ്ങള്‍ ആരാഞ്ഞതോടെ താന്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയതാണെന്നും അയാളെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും മല്ലിഗ വെളിപ്പെടുത്തി. സുരേഷിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും മല്ലിഗ കൂട്ടിച്ചേര്‍ത്തു.

കേസില്‍ പൊലീസിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് വിലയിരുത്തിയ കോടതി പൂര്‍ണവിവരങ്ങള്‍ ഏപ്രില്‍ 17ഓടെ സമര്‍പ്പിക്കാന്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. ഭാര്യയെ കാണാനില്ലെന്ന് സുരേഷ് പരാതി നല്‍കി ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയതോടെ സുരേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ 'വിശദീകരിച്ചു'. കാട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയ അസ്ഥികൂടം ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചുവെങ്കിലും അതിന് മുന്‍പ് തന്നെ അന്തിമകുറ്റപത്രം കോടതിയില്‍ പൊലീസ് നല്‍കിയിരുന്നു. പിന്നീട് വന്ന ഡിഎന്‍എ പരിശോധന ഫലത്തില്‍ അസ്ഥികൂടം മല്ലിഗയുടേതല്ലെന്ന് കണ്ടെത്തിയെങ്കിലും പൊലീസ് കാര്യമാക്കിയില്ല. കുറ്റപത്രത്തിലെ പൊരുത്തക്കേടുകള്‍ കോടതി ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് സുരേഷ് തന്നെ പ്രതിയെന്ന് ഉറച്ചു നിന്നു. നിലവിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു. 

ഗുരുതര കൃത്യോവിലോപമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് സുരേഷിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. വ്യാജ കുറ്റപത്രം പൊലീസ് എന്തിന് തയ്യാറാക്കിയെന്നും കാട്ടില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടം ആരുടേതാണെന്നും അഭിഭാഷകന്‍ ചോദ്യം ഉയര്‍ത്തുന്നു. നിരപരാധിയായ തന്‍റെ കക്ഷിയെ ഒന്നരവര്‍ഷത്തോളം ജയിലില്‍ ഇടുകയും കടുത്ത മാനസിക–ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കുകയും ചെയ്തതിനെതിരെ മനുഷ്യാവകാശ കമ്മിഷനെ ഉള്‍പ്പടെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമമാക്കി. 

ENGLISH SUMMARY:

In a shocking turn of events in Karnataka's Kudak district, a woman appeared in court after her husband, Suresh, was wrongfully imprisoned for her alleged murder. Suresh had been incarcerated for over a year, accused of killing his wife, Malliga, after a partial investigation led to the discovery of what was believed to be her remains. The court criticized the police for their errors in the investigation and the wrongful imprisonment.