കേരളത്തിലെ ഡാന്‍സേഴ്സിനിടിയില്‍ കോക്കസ് ഉണ്ടെന്നു നര്‍ത്തകി മേതില്‍ ദേവിക. നൃത്തത്തില്‍ ഇന്‍വെസ്റ്റ് മാത്രമേയുള്ളൂവെന്നും തിരിച്ചൊന്നും കിട്ടാറില്ലെന്നും മനോരമ ന്യൂസ്.കോമിനു അനുവദിച്ച അഭിമുഖത്തില്‍ മേതില്‍ ദേവിക പറഞ്ഞു. പരമ്പരാഗത നൃത്തശൈലിയില്‍ നിന്നും ചുവടുമാറ്റാന്‍ ധൈര്യം കാണിക്കുന്ന ദേവിക ഈ രംഗത്തെ തെറ്റായ പ്രവണതകളെക്കുറിച്ചും മറ്റും മനസു തുറക്കുന്നു. 

നൃത്തത്തില്‍ വേറിട്ട പാതയിലൂടെ 

മോബ് സൈക്കോളജിയില്‍ വിശ്വസിക്കാത്തയാളാണ് ഞാന്‍. എന്നെ സന്തോഷിപ്പിക്കുന്നതാണോ എന്നേ നോക്കാറുള്ളൂ. ഗുരുവില്‍ നിന്നും പകര്‍ന്നു കിട്ടിയത് അതേ പോലെ പിന്തുടരുന്നതില്‍ ഒരു സുഖമുണ്ടാകാം. അതിനപ്പുറം നമ്മുടെ ജീവിതത്തില്‍ ഒരു യാത്രയുണ്ട്. ആ ചിന്തകള്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കണം. പ്രേക്ഷകരും മാറിച്ചിന്തിക്കുന്നവരാണ്. അവരും ഈ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഇതില്‍ വിമര്‍ശിക്കുന്നവരുണ്ടാകാം. ഞാനത് ശ്രദ്ധിക്കാറില്ല. പക്ഷെ നമ്മുടെ ആസ്വാദകര്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കല എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നു കരുതരുത്. നൃത്തത്തില്‍ പലപ്പോഴും ഇന്‍വെസ്റ്റ്മെന്റ് മാത്രമേ ഉണ്ടാകാറുള്ളൂ. തിരിച്ചു കിട്ടുന്നത് കുറവാണ്. 

തിരിച്ചു കിട്ടുന്നത് കുറവാണെങ്കില്‍ അതിനു കാരണം

നൃത്തം പഠിപ്പിക്കുന്നവര്‍ക്കു ഭേദപ്പെട്ട പ്രതിഫലം കിട്ടുന്നുണ്ട്. ക്രിയേറ്റേഴ്സിനു അത് പ്രതീക്ഷിക്കാനാവില്ല. 

കേരളത്തിനു പുറത്തു നിന്നാണല്ലോ കൂടുതല്‍ അംഗീകാരങ്ങള്‍

ശരിയാണ്. സിനിമ, രാഷ്ട്രീയം, സ്പോര്‍ട്സ് ഇതില്‍ ഏതെങ്കിലും ഒന്നില്‍ തിളങ്ങിയാല്‍ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂ എന്ന സ്ഥിതിയാണ്. 

കോക്കസ്

ഡാന്‍സേഴ്സിനിടെയില്‍ കോക്കസുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. അനുഭവവുമുണ്ട്. ഒരു ടീമിനൊപ്പം നിന്നാല്‍ കൂടുതല്‍ അവസരം കിട്ടും.  

ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടു ചേര്‍ന്നു നിന്നാല്‍ നേട്ടങ്ങളുണ്ടാക്കാമായിരുന്നു എന്നു തോന്നിട്ടുണ്ടോ

ഓഫറുകള്‍ വന്നിട്ടുണ്ട്. സ്വീകരിച്ചിട്ടില്ല. അത്തരം സ്ഥാനമാനങ്ങളില്‍ താല്‍പര്യമില്ല. ‌അങ്ങനെ കിട്ടുന്ന അധികാരങ്ങളില്‍ താല്‍പര്യമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുണ്ട്. മനസ് കൊണ്ട് കമ്യൂണിസ്റ്റുമാണ്. എന്റെ നൃത്തം പ്രദര്‍ശിപ്പിക്കാന്‍ വേദി തന്നാല്‍ സ്വീകരിക്കും. 

ENGLISH SUMMARY:

Methil Devik Interview