pattanchery-nattusoothram

TOPICS COVERED

കാടിന്‍റെ വിസ്തൃതി കൂട്ടിയാല്‍ ശ്വാസം കൂടുതല്‍ കിട്ടുമെന്ന് ഓര്‍മപ്പെടുത്തുകയാണ് പാലക്കാട്ടെ പച്ചത്തുരുത്ത് പദ്ധതി. വനംവകുപ്പിന്റെ സഹകരണത്തോടെ പ‌ട്ടഞ്ചേരി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ പതിനയ്യായിരത്തിലേറെ തൈകളാണ് ഇതുവരെ നട്ടത്. വരുംതലമുറയെ കരുതിയുള്ള പച്ചത്തുരുത്ത് സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും തൊഴിലുറപ്പ് തൊഴിലാളികളും ഏറ്റെടുത്തതോടെ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ്.  

 

മരമൊരു വരം. പരിപാലിച്ച് മാതൃകയാവണം മാലോകരെല്ലാം. ഒരു മരം മുറിച്ചാല്‍ കണക്ക് നോക്കാതെ കഴിയുന്നത്ര തൈകള്‍ മണ്ണിലാഴ്ത്തി മുളവരുത്തണം. വേരുകള്‍ പടരും വരെ നന്നായി നനയ്ക്കണം. പരിചരണം ഉറപ്പാക്കണം. പ്രകൃതി സംരക്ഷണത്തിന്റെ ഈ മാതൃകാ നിര്‍ദേശം അതിന്റെ ഇരട്ടി വ്യാപ്തിയില്‍ പാലിക്കുകയാണ് പട്ടഞ്ചേരി പഞ്ചായത്ത്. 

പച്ചത്തുരുത്തില്‍ പകിട്ടണിഞ്ഞ് തഴച്ച് വളരുകയാണ് നിറയെ തൈമരങ്ങള്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥ മുന്നില്‍ക്കണ്ടുള്ള മാതൃകാ പ്രവര്‍ത്തനം. പരിചരണ നേതൃത്വം പുതുതലമുറ ഏറ്റെ‌ടുത്തതോടെ നെല്ലിയും, മന്ദാരവും, നീര്‍മാതളവും തുടങ്ങി തണല്‍മരങ്ങള്‍ സ്കൂള്‍ വളപ്പിലും, പാതയോരങ്ങളിലും ഉള്‍പ്പെടെ തഴച്ച് വളരും. പ്രകൃതിക്ക് തണലൊരുക്കും. 

കൈക്കോട്ട് വീണാല്‍ ഇരട്ടിയിലേറെ വേഗതയില്‍ തിരികെ തെറിക്കുന്ന പാറ തോല്‍ക്കുന്ന ഉറപ്പുള്ള മണ്ണ്. അവിടെ മണ്ണ് നിറച്ച് തടമൊരുക്കി തൈകള്‍ നട്ട് പരിചരിക്കുന്നതിലൂടെ രണ്ടുണ്ട് നേട്ടം. മണ്ണൊലിപ്പ് തടയാം. സാധാരണക്കാരായ തൊഴിലുറപ്പുകാരുടെ ഉപജീവനത്തിനും കരുത്താവാം.‌

ഉറ്റവര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ പേരാലും, നെല്ലിയും, പേരയും, അത്തിമരവുമെല്ലാം സ്മൃതിദിനങ്ങളില്‍ എത്തുന്ന ബന്ധുക്കള്‍ക്ക് തണലൊരുക്കും. ശ്മശാന ഭൂമിയില്‍ മാത്രം ആയിരത്തിലേറെ തൈകളാണ് നട്ട് പരിപാലിച്ചിരിക്കുന്നത്. 

ശുദ്ധവായു, പ്രകൃതിസംരക്ഷണം, വനവിസ്തൃതി കൂട്ടാനുള്ള പ്രയത്നം. പുതുതലമുറയെക്കൂടി കരുതിയുള്ള പ്രവര്‍ത്തനം. ഇതിനെല്ലാം ഏറ്റവും യോജ്യമായ രീതിയിലാണ് പച്ചത്തുരുത്തിന്റെ ഇടപെടല്‍. വിശന്ന് തളര്‍ന്നെത്തുന്ന പക്ഷികള്‍ക്ക് മാത്രമല്ല. മനുഷ്യനും വന്നിരിക്കാം ഈ വൃക്ഷത്തണലില്‍ വേണ്ടുവോളം. പച്ചത്തുരുത്ത് പകിട്ടോടെ നാള്‍ക്ക് നാള്‍ തലയെടുപ്പ് തേടുന്ന കാലമത്രയും.

ENGLISH SUMMARY:

Palakkad Patanchery panchyat plants over thousands of saplings.