മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയാണ് കാസർകോട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. ഹരിത കർമസേനസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ വർഷവും പഞ്ചായത്ത്‌ നേടുന്നത്. ഒപ്പം പൂക്കച്ചവടത്തിലൂടെയും പാത്രങ്ങൾ വാടകയ്ക്ക് നൽകിയും വരുമാനം കണ്ടെത്തുന്നു.

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ സേനാംഗമാവാൻ സ്ത്രീകളുടെ തിരക്കാണ്. അപേക്ഷകർ അധികമായതിനാൽ ഇത്തവണ അഭിമുഖം നടത്തിയാണ് പഞ്ചായത്ത് ആളെയെടുത്തത്.

യൂസർ ഫീ ഇനത്തിൽ കിട്ടുന്ന പണമാണ് ഹരിതകർമ സേനയുടെ വരുമാനമെങ്കിൽ, തൃക്കരിപ്പൂരിലെ ഹരിതകർമസേനയ്ക്ക് രണ്ട് സംരംഭങ്ങൾകൂടിയുണ്ട്. അതിലൊന്നാണ് ഹരിത ഫ്ലവേഴ്സ് എന്ന പൂക്കട. പഞ്ചായത്തിലെ 42 ഹരിതകർമ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് കടയുടെ പ്രവർത്തനം. ഇക്കഴിഞ്ഞ ഓണം സീസണിൽ 40000 രൂപയാണ് ഇവിടെ നിന്നുള്ള ലാഭം. 

ഹരിത കർമസേനയുടെ വരുമാനം വർധിപ്പിക്കുന്നതിനും ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടുള്ള ആഘോഷ ചടങ്ങുകൾ ഉറപ്പുവരുത്തുന്നതിനുമായി ആരംഭിച്ച വെസ്സെൽസ് റെന്റൽ യൂണിറ്റാണ് മറ്റൊരു സംരംഭം. 2023-34 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സംരംഭങ്ങൾ ആരംഭിച്ചത്.

കഴിഞ്ഞവർഷം 60 ലക്ഷം രൂപയാണ് മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് വിൽപ്പന നടത്തിയതിലൂടെ പഞ്ചായത്തിന് നേടാനായത്. ഈ വർഷം 70 ലക്ഷം രൂപയുടെ വരുമാനമാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

Trikaripur Grama Panchayat with good work in waste disposal