മലയാള മനോരമയുടെ കലാ, സാഹിത്യ, സാംസ്കാരികോല്‍സവമായ ഹോര്‍ത്തൂസിന് ആതിഥ്യമരുളാനൊരുങ്ങി സാഹിത്യനഗരമായ കോഴിക്കോട്. നവംബര്‍ 1 മുതല്‍ 3 വരെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ കോഴിക്കോട് കടപ്പുറത്ത് പുരോഗമിക്കുകയാണ്. ഹോര്‍ത്തൂസിന്‍റെ സന്ദേശവുമായുള്ള അക്ഷരജാഥയുടെ പ്രയാണം വിവിധ ജില്ലകളില്‍ തുടരുകയാണ്.
300ലധികം എഴുത്തുകാര്‍. 130 സെഷനുകള്‍. കേരളം കണ്ടതില്‍വച്ച് ഏറ്റവും മികച്ച സാഹിത്യ സാംസ്കാരികോത്സവമാകും ഹോര്‍ത്തൂസ്. ഒരുക്കങ്ങള്‍ ഊര്‍ജിതം. കോഴിക്കോട് കടപ്പുറത്ത് വിശാലമായ പന്തലിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തില്‍ 44 കലാപ്രവര്‍ത്തകര്‍ സഹകരിച്ചാണ് ആര്‍ട് പവലിയന്‍ ഒരുക്കുന്നത്. പവലിയന്‍ ഈ മാസം 20ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
മൂന്ന് ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള മെഗാപുസ്തകമേള 26ന് എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. അന്നേദിസം വൈകിട്ട് മുതല്‍ ചര്‍ച്ചകളും സാംസ്ക്കാരിക പരിപാടികളും അരങ്ങേറും. മലബാറിന്‍റെ സാംസ്ക്കാരികത്തനിമ വിളിച്ചോതുന്നവയാകും പരിപാടികളെല്ലാം. 31ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹോര്‍ത്തൂസ് സാഹിത്യോല്‍സവം ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് www.manoramahortus.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി റജിസ്റ്റർ ചെയ്യാം.
ഹോര്‍ത്തൂസ് എന്നാല്‍ പൂന്തോട്ടം എന്നാണര്‍ഥം. അതെ, സാഹിത്യത്തിന്‍റെയും സാംസ്ക്കാരിക തനിമയുടെയും വിശാലമായ പൂങ്കാവനം തന്നെയാകും നവംബര്‍ ആദ്യവാരം ഇവിടെ ഒരുക്കുക.