മധുരമേറും മാമ്പഴത്തിന്റെ രുചി വരും തലമുറയ്ക്കും പകര്‍ന്നു നല്‍കാന്‍ നാട്ടുമാവിനെ സംരക്ഷിക്കുകയാണ് കൊല്ലം ചിറക്കര ഗ്രാമപഞ്ചായത്ത്. പാണ്ടിമാവെന്നും പോളച്ചിറമാവെന്നും നാട്ടുകാര്‍ പറയുന്ന മാവാണ് പഞ്ചായത്തിലെ ഒാരോ വീടുകളിലും വരുംനാളുകളില്‍ വേരുപിടിക്കുക.
ചാത്തന്നൂർ ശ്രീനാരായണ കോളജിലെ ഒന്നേകാൽ ഏക്കർ സ്ഥലത്ത് 50 മാവിൻതൈകള്‍ നട്ടുകൊണ്ടാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. കർപ്പൂരം മാവ്, പാണ്ടിമാവ്, നെടുങ്ങോലം മാവ്, പോളച്ചിറ മാവ് എന്നിങ്ങനെ പല പേരുകളിലാണ് ചിറക്കരയുടെ തനത് മാവ് അറിയപ്പെടുന്നത്.
തരിശായി കിടക്കുന്ന സ്ഥലം ഏറ്റെടുത്ത് തരിശുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളിലൂടെ മണ്ണൊരുക്കി മാവിന്‍ തൈ നടാനും തീരുമാനിച്ചിട്ടുണ്ട്.
കോളജിലെ എൻ.എസ്.എസ്. യൂണിറ്റും കൃഷിഭവനും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്തിനൊപ്പമുണ്ട്. ഓരോ വീടുകളിലും മാവിന്‍തൈ എത്തിക്കാന്‍ കൃഷിവകുപ്പ് പ്രാദേശികമായി തന്നെ ബഡ് ചെയ്താണ് തൈകള്‍ തയാറാക്കുന്നത്. കായ്ഫലമുളള മാവുകള്‍ മുറിച്ചുമാറ്റാതെ സംരക്ഷിക്കാന്‍ ബോധവല്‍ക്കരണപരിപാടികളും പഞ്ചായത്ത് നടത്തുന്നു.