നാട്ടിലെ കുളങ്ങളിലെ മല്‍സ്യസമ്പത്ത് വീണ്ടെടുക്കാന്‍ എറണാകുളം പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കണ്ടെത്തിയ ഒരു പദ്ധതിയുണ്ട്, നാടിന് മാതൃകയാക്കാവുന്ന ഒരു പദ്ധതി. നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സ് സെന്‍ററും പഞ്ചായത്തും ചേര്‍ന്നൊരുക്കുന്ന പദ്ധതിയുടെ നടത്തിപ്പുകാര്‍ നാട്ടുകാരാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
വെറുതേ കിടക്കുന്ന പഞ്ചായത്ത് ജലാശയങ്ങള്‍ എങ്ങനെ നാട്ടുകാര്‍ക്ക് ഉപകാരപ്പെടുത്താമെന്ന ചിന്തയില്‍ നിന്നാണ് പദ്ധതിയുടെ പിറവി. പഞ്ചായത്തിന്‍റെ 16–ാം വാര്‍ഡിലുളള നാലര ഏക്കര്‍ വരുന്ന ചെങ്ങന്‍ചിറയിലാണ് തുടക്കം. അലങ്കാര മല്‍സ്യങ്ങളുള്‍പ്പെടെയുള്ള നാടന്‍ ഇനങ്ങള്‍ ചിറയില്‍ നിക്ഷേപിച്ചു. ചിറയുടെ സമീപത്തായി പ്രജനന കേന്ദ്രവുമൊരുക്കി.
വരാല്‍, കാരി, മഞ്ഞക്കൂരി, നാടന്‍ മുഷി, കറൂപ്പ്‍ തുടങ്ങിയ മല്‍സ്യങ്ങളുടെ പ്രജനനമാണ് ലക്ഷ്യം. പഞ്ചായത്ത് നിവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 അംഗ സംഘത്തിന് പരിശീലനവും നല്‍കി. ചുമതതലക്കാരായി നാട്ടുകാരെ തന്നെ ഏല്‍പ്പിച്ചതോടെ പദ്ധതി ശരിക്കും ജനകീയമായി.
പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായതോടെ ഭാവി പരിപാടികളും തീരുമാനിച്ചുകഴിഞ്ഞു. പദ്ധതിയ്ക്കായി ഇതുവരെ ചെലവായത് 15 ലക്ഷം രൂപ. മൂന്ന് മാസത്തിനുള്ളില്‍ നിലവിലുള്ള മല്‍സ്യങ്ങള്‍ വില്‍ക്കാനാവുമെന്നാണ് കണക്കുക്കൂട്ടല്‍.