ഇടുക്കി ചെറുതോണി അണക്കെട്ടിനു സമീപം നടക്കുന്ന നിർമാണങ്ങൾ നിർത്തിവയ്ക്കണമെന്നു ഹൈക്കോടതി. നിർമാണത്തെക്കുറിച്ച് വാഴത്തോപ്പ് പഞ്ചായത്തിനോട് റിപ്പോർട്ട് തേടി. പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി ടൗണ്‍ മാറ്റി സ്ഥാപിക്കണമെന്നും പൗരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി.
62 അനധികൃത കെട്ടിടങ്ങൾ പൊളിക്കാനും നിർമാണം നിർത്തിവയ്ക്കാനും 2011ൽ വാഴത്തോപ്പ് പഞ്ചായത്തിനു കോടതി നോട്ടിസ് നൽകിയിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ നാശനഷ്ടമുണ്ടായ മേഖലയിൽ വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്ന സാഹചര്യത്തിലാണ് ജനശക്തി പൗരസമിതി ഹൈക്കോടതിയെ സമീപിച്ചത്. 1980ലെ പ്രത്യേക വിജ്ഞാപനം പ്രകാരം ചെറുതോണി ടൗണ്‍ മുതല്‍ നേര്യമംഗലം വരെയുള്ള 233 ഹെക്ടര്‍ സ്ഥലവും, ചെറുതോണി പുഴയും നിര്‍മാണ നിരോധിത മേഖലകളാണ്. ഹൈക്കോടതി ഉത്തരവുണ്ടാകുന്നത് വരെ ചെറുതോണി അണക്കെട്ടിന് താഴെ നിര്‍മാണങ്ങള്‍പാടില്ല.
കെ.എസ്.ഇ.ബി ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കിയ എഴുപത് ഏക്കര്‍ ഭൂമിയില്‍ തകര്‍ന്ന ചെറുതോണി ടൗണ്‍ പുനര്‍നിര്‍മിക്കണം എന്ന ആവശ്യവും ശക്തമാണ്.