ockhi

TAGS

തീരം സംരക്ഷിക്കുന്ന പൊലീസ് സേനയില്‍ കാവലാളായി ഇനി മല്‍സ്യത്തൊഴിലാളികളും.  ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ മക്കളടക്കം 178 പേരെ കോസ്റ്റല്‍ വാര്‍ഡന്‍മാരായി നിയമിച്ചു. പൊലീസ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം തീരദേശ സ്റ്റേഷനുകളില്‍ ഇവര്‍ ഡ്യൂട്ടിക്കെത്തും. 

ഓഖി ദുരന്തത്തില്‍ പോരാളികളായും പ്രളയകാലത്ത് രക്ഷകരായും മാറിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം എന്ന നിലയിലാണ് പൊലീസ് സേനയുടെ ഭാഗമാക്കുന്നത്. കടലിനെ അറിയുന്നവരെ തീരസംരക്ഷണത്തിന് ചുമതലപ്പെടുത്തണമെന്ന ആവശ്യം ഓഖി ദുരന്തകാലത്ത് ശക്തമായിരുന്നു. ഓഖി ദുരിതാശ്വാസ പാക്കേജിലെ വാഗ്ദാനത്തിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയില്‍ 178 പേര്‍ക്ക് നിയമനം നല്‍കിയത്..

തീരദേശവാസികളായ മല്‍സ്യത്തൊഴിലാളികളുടെയും മക്കളുടെയും  മാത്രം അപേക്ഷയാണ് പരിഗണിച്ചത്.  കടലിലെ അഭ്യാസങ്ങളടക്കം കായികക്ഷമത പരിശോധിച്ചാണ് തിരഞ്ഞെടുപ്പ്. ഇനി പൊലീസിന് നല്‍കുന്ന പരിശീലനം നല്‍കും. പ്രതിമാസം ഇരുപതിനായിരം രൂപയെന്ന നിലയില്‍ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ഇനിയും കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ പൊലീസിന്റെ ഭാഗമാകും.