ഓഖി കൊടുങ്കാറ്റില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. മരണ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ കാണാതായ മത്സ്യതൊഴിലാളിയുടെ ഭാര്യ മെറ്റില്‍ഡക്ക് വിധവാപെന്‍ഷനും ലഭിക്കുന്നില്ല. കേരളതീരത്തു നിന്ന് 142 പേരെയും വലിയ ബോട്ടുകളില്‍പോയ 69 ഇതര സംസ്ഥാനക്കാരെയുമാണ് ഒാഖിയില്‍ കാണാതായതെന്ന് മത്സ്യത്തൊഴിലാളി സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2017 നവംബര്‍ 30 മുതല്‍ ബാക്കിയായത് ഈ കണ്ണീരാണ്. മെറ്റില്‍ഡയുടെ ഭര്‍ത്താവ് സിസില്‍ ഫെര്‍ണാണ്ടസ് 29 ന് കടലില്‍പോയി 30 വെളുപ്പിന് ആഞ്ഞടിച്ച ഒാഖിയില്‍ സിസിലിനെ കാണാതായി. ശരീരം കണ്ടെത്താനായില്ല. സാധാരണ ഒരാളെ കാണാതായി ഏഴ് വര്‍ഷം പിന്നിടുമ്പോഴാണ് സാഹചര്യങ്ങള്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുക. ചുഴലിക്കാറ്റില്‍കാണാതായവര്‍ക്ക് നിയമത്തിന്‍റെ ചട്ടവട്ടങ്ങള്‍മാറ്റി ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ ഉറപ്പ്. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
ഏഴരലക്ഷം രൂപ കടമെടുത്ത് കഠിനംകുളത്ത് വെച്ച ഈ വീടുമാത്രമാണ് മെറ്റില്‍ഡക്കും മൂന്ന് മക്കള്‍ക്കും സ്വന്തമായുള്ളത്. സര്‍ക്കാര്‍ബാങ്കില്‍നിക്ഷേപിച്ച ധനസാഹയത്തിന്‍റെ പലിശമുഴുവനും കടമടച്ചു തീരും. മകന്‍പഠനം മതിയാക്കി കൂലിപ്പണിക്കു പോകുന്നു. വിദ്യാഭ്യാസലോണെടുത്താണ് മകളെ നഴ്സിംങിന് പഠിപ്പിക്കുന്നത്. അതെങ്ങെനെ തിരിച്ചടക്കുമെന്നും ഈ അമ്മക്ക് അറിയില്ല. ഒാഖി ദുരന്തബാധിതരെ എല്ലാം പുനരധിവസിപ്പിച്ചു എന്ന് പറയുന്ന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും മെറ്റില്‍ഡയെയും പോലെ തീരാ ദുരിതം അനുഭവിക്കുന്നവരെയും കൂടികാണണം.