ഒരു വർഷം മുൻപ് പ്രളയജലത്തിൽ കഴുത്തോളം മുങ്ങിയ റാന്നി ഇന്ന് ഐഎസ്ഒ നിലവാരത്തിലേക്ക്. സമയബന്ധിത സേവനം, കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ, സേവനാവകാശത്തിൽ പറയുന്ന സമയത്തിനു മുൻപേ സേവനം ഇതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.  ഇതിനായി പഞ്ചായത്ത് ഓഫിസിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ജനങ്ങൾക്കാവശ്യമായ നോട്ടിസ് ബോർഡുകളും മറ്റും സ്ഥാപിച്ചു. ഓഫിസിനെ രാജ്യാന്തര നിലവാരത്തിലാക്കുന്നതിനായി മുൻകാല രേഖകളെല്ലാം വർഷാടിസ്ഥാനത്തിൽ തരംതിരിച്ചു. ഭിന്നശേഷിക്കാർക്ക് റാമ്പ് നിർമിച്ചു.

ഓഫിസിലെ ഫയൽ നീക്കങ്ങൾ പൂർണമായും കംപ്യൂട്ടർവൽക്കരിച്ചു. ഫ്രണ്ട് ഓഫിസിൽ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം ശൂന്യമാക്കി. ടോക്കൺ യന്ത്രം, ഫീഡിങ് മുറി, ശുദ്ധജലം എന്നിവയ്ക്കു സംവിധാനമൊരുക്കി. ഹരിത ചട്ടംപാലിച്ചുള്ള പ്രവർത്തനമാണു നടത്തുന്നത്.  ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം നടത്തുമ്പോഴാണ് പ്രളയം പഞ്ചായത്തിനെ ബാധിച്ചത്. 

ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ 30 ദിവസംകൊണ്ടാണ് ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയെടുത്തത്. ഇതിന്റെ പ്രഖ്യാപനം ഇന്ന്  3ന് രാജു ഏബ്രഹാം എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷത വഹിക്കും,  സമ്പൂർണ ഗുണമേന്മ സംവിധാനം നടപ്പാക്കുന്നതിലൂടെ താലൂക്കാസ്ഥാനത്തെ പഞ്ചായത്തിൽ സേവനത്തിനു സമീപിക്കുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്താനാകുംമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ പറഞ്ഞു.