മഹാപ്രളയത്തിന്റെ വാർഷികദിനത്തിൽ വീണ്ടും വയനാട്ടിൽ പ്രളയം. 4 ദിവസമായി നിലയ്ക്കാതെ പെയ്ത പെരുമഴയിൽ പ്രളയവും ഉരുൾപൊട്ടലും ആളപായവും കനത്ത നാശനഷ്ടവും ഉണ്ടാക്കി. മുട്ടിൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇന്നലെ ദമ്പതികൾ മരിച്ചു. മുട്ടിൽ കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതി (19) എന്നിവരാണു മരിച്ചത്. വെള്ളം കയറി വീട്ടിൽനിന്നു ദുരിതാശ്വാസ ക്യാംപിലേക്കു മാറുന്നതിനിടെ മാതോത്ത് പൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു (24) കുഴഞ്ഞുവീണു മരിച്ചു.

 

 

മേപ്പാടി പുത്തുമലയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ഉണ്ടായ വൻ ഉരുൾപ്പൊട്ടലിൽ ഒരു പ്രദേ ശം ഒന്നാകെ ഒലിച്ചുപോയി.  റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രാത്രി വൈകിയും സൈന്യത്തിന് രക്ഷാ പ്രവർത്തനം തുടങ്ങാനായിട്ടില്ല. കോറോം, കുറുമ്പാലക്കോട്ട എന്നിവിടങ്ങളിലും ഉരുൾപൊട്ടി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് 'റെഡ്' അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ 204.3 മില്ലീമീറ്റർ മഴയാണു വയനാട്ടിൽ പെയ്തത്. ഇന്നും 24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.

 

 

അമ്പലവയല്‍ ആറാട്ടുപാറയില്‍ റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീണ് ഗതാഗതം നിലച്ചപ്പോള്‍. മഴ ശക്തമായി തുടര്‍ന്നാണ് മണ്ണിടിയല്‍ തുടരാന്‍ സാധ്യതയുള്ള ഭാഗമാണിത്.

 നാളെ 'ഓറഞ്ച്' അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 11നും 12നും ജില്ലയിൽ മഞ്ഞ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിൽ വയനാട്ടിൽ 2538 കുടുംബങ്ങളിലെ8860 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആകെ 96 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മാനന്തവാടി താലൂക്കിൽ 33, വൈത്തിരി താലൂക്കിൽ 26, ബത്തേരി താലൂക്കിൽ 14 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ദുരന്തനിവാരണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 60 പേരടങ്ങുന്ന എൻഡിആർഎഫും ഡിഫൻസ് സെക്യൂരിറ്റി കോറും വയനാട്ടിലെത്തിയിട്ടുണ്ട്.

 

കബനി നദിയുടെ തീരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മണ്ണുസംരക്ഷണ വകുപ്പ് ഓഫിസർ പി.യു ദാസ് അറിയിച്ചു. തുടർച്ചയായി പെയ്യുന്ന അതിതീവ്ര മഴ കബനിയിൽ നീരൊഴുക്കു കൂടാൻ കാരണമായിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കലക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ്, സബ് കലക്ടർ എൻ.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  

 

ഖനനവും മണ്ണെടുപ്പും നിരോധിച്ചു

 

ജില്ലയിൽ മഴ ശക്തമായ പശ്ചാത്തലത്തിൽ എല്ലാവിധ ഖനനവും മെഷീൻ ഉപയോഗിച്ചുള്ള മണ്ണെടുപ്പും കർശനമായി നിരോധിച്ചു കൊണ്ട് കലക്ടർ ഉത്തരവിട്ടു